സന്ദർശകരെ ആകർഷിക്കാൻ കുവൈത്ത്; നാല് തരം ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ചു

യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് 30 ദിവസം മുതൽ 360 ദിവസം വരെയാണ് വിസയുടെ കാലാവധി

Update: 2025-08-12 08:09 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി നാല് പുതിയ ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ച് കുവൈത്ത്. വിവിധ തരം യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പുതിയ വിസകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

വിസയുടെ നാല് വിഭാഗങ്ങൾ:

  • ഒന്നാം വിഭാഗം: ശക്തമായ പാസ്‌പോർട്ടും മികച്ച സാമ്പത്തിക ശേഷിയുമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ വിസ ലഭിക്കുക. വിവിധതരം വിസ ഓപ്ഷനുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.
  • രണ്ടാം വിഭാഗം: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും പ്രൊഫഷണൽ യോഗ്യതകളുള്ള പ്രവാസികൾക്കും ഈ വിസയ്ക്ക് അർഹതയുണ്ട്. കൂടാതെ, അമേരിക്ക, യുകെ, ഷെൻഗൻ വിസകളോ ഗൾഫ് രാജ്യങ്ങളിലെ റെസിഡൻസ് പെർമിറ്റുകളോ ഉള്ളവർക്കും ഈ വിഭാഗത്തിൽ വിസ ലഭിക്കും.
  • മൂന്നാം വിഭാഗം: സാമ്പത്തിക ഭദ്രതയുടെ തെളിവുകളും ആവശ്യമായ മറ്റ് രേഖകളും സമർപ്പിക്കാൻ കഴിയുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കായി ഈ വിഭാഗം ഉടൻ ആരംഭിക്കും.
  • നാലാം വിഭാഗം: കുവൈത്തിൽ നടക്കുന്ന പ്രത്യേക പരിപാടികളിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ വരുന്ന സന്ദർശകർക്ക് വേണ്ടിയുള്ളതാണ് ഈ വിസ. ഓരോ പരിപാടിയുടെയും സ്വഭാവമനുസരിച്ച് വ്യവസ്ഥകൾ ബാധകമാകും.
Advertising
Advertising

ഒന്നും രണ്ടും വിഭാഗങ്ങളിലുള്ള വിസകൾക്ക് 30 മുതൽ 360 ദിവസം വരെയാണ് കാലാവധി. തിരഞ്ഞെടുക്കുന്ന ഓപ്ഷൻ അനുസരിച്ച് രാജ്യത്ത് താമസിക്കാവുന്ന ദിവസങ്ങൾ 30 മുതൽ 90 ദിവസം വരെ വ്യത്യാസപ്പെടും.

വിസ കാലാവധി:

  • ഒന്ന് മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ.
  • മൂന്ന് മാസം, ആറ് മാസം, അല്ലെങ്കിൽ ഒരു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസകൾ. ഇതിൽ ഓരോ തവണയും 30 ദിവസമാണ് പരമാവധി താമസിക്കാൻ സാധിക്കുക.

ജിസിസി പ്രവാസികൾക്ക് വിസ ഓൺ അറൈവൽ:

അതേസമയം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇനിമുതൽ കുവൈത്തിൽ ടൂറിസ്റ്റ് വിസ ഓൺ അറൈവൽ. വിസ ലഭ്യമാക്കാനുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ചു.

ഔദ്യോഗിക ഗസറ്റ് കുവൈത്ത് അൽയൗമിൽ തീരുമാനം പ്രസിദ്ധീകരിച്ചു. കുറഞ്ഞത് ആറ് മാസത്തേക്ക് സാധുവായ റെസിഡൻസി പെർമിറ്റ് കൈവശം വച്ചിരിക്കുന്ന ജിസിസി രാജ്യത്തെ ഏതൊരു വിദേശ താമസക്കാരനും ടൂറിസ്റ്റ് വിസ ഓൺ അറൈവലിൽ കുവൈത്തിൽ പ്രവേശിക്കാൻ അർഹതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവേശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവയാണ് കുവൈത്തിന് പുറമേയുള്ള ജിസിസി അംഗരാജ്യങ്ങൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News