റാസ് അൽ ജുലൈ എണ്ണ ചോർച്ച നിയന്ത്രണത്തിൽ; പാരിസ്ഥിതിക ദുരന്തം തടഞ്ഞ് കുവൈത്ത്

ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഇപിഎ ആവശ്യമായ നടപടികൾ കൈകൊണ്ടെന്ന് സാങ്കേതിക കാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ

Update: 2024-07-25 06:26 GMT

കുവൈത്ത് സിറ്റി: റാസ് അൽ ജുലൈയിലെ എണ്ണ ചോർച്ച നിയന്ത്രിച്ചതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) ബുധനാഴ്ച അറിയിച്ചു. റാസ് അൽ ജുലൈ തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെയാണ് എണ്ണ ചോർച്ചയുണ്ടായിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഇപിഎ ആവശ്യമായ നടപടികൾ കൈകൊണ്ടെന്ന് സാങ്കേതിക കാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ അബ്ദുല്ല അൽ സൈദാൻ പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജൻസി (കുന) റിപ്പോർട്ട് ചെയ്തു.

എണ്ണ ചോർച്ച കടലിൽ വെച്ച് തന്നെ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി പ്രതിരോധിച്ചതായും നിരീക്ഷണ മേഖലയ്ക്ക് പുറത്തുള്ള ബീച്ചുകളിൽ എത്തുന്നതിന് മുമ്പ് കൈകാര്യം ചെയ്തതായും അൽ സൈദാൻ കൂട്ടിച്ചേർത്തു. എണ്ണ ചോർച്ചയുടെ വ്യാപ്തി നിർണയിക്കാൻ സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് റീജിയണൽ ഓർഗനൈസേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് മറൈൻ എൻവയോൺമെന്റു(ROPME)മായി ഏകോപനം നടത്തിയെന്നും ചോർച്ചയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണെന്നും അക്കാര്യം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News