കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഇനിമുതല്‍ ഒരു വർഷം

കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്‍റ് അറിയിച്ചു

Update: 2023-04-30 17:47 GMT

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് മാത്രമായി ചുരുക്കി. മൂന്ന് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കുകയും പിന്നീട് തൊഴിൽ മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് അര്‍ഹരായ പദവിയിൽ ജോലി തുടരുന്ന പ്രവാസികള്‍ക്ക്, ഓൺലൈൻ വഴി ലൈസൻസ് പുതുക്കുവാൻ സാധിക്കുമെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്‍റ് അറിയിച്ചു. നേരത്തെ ഡ്രൈവിങ് ലൈസൻസുകൾ കാലാവധി തീരുന്ന മുറക്ക് മൂന്ന് വര്‍ഷത്തേക്കായിരുന്നു പുതുക്കി നല്‍കിയിരുന്നത്. ഇതോടെ പുതിയ ലൈസൻസുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള കാലാവധി ഒരു വര്‍ഷമാകും.

Advertising
Advertising

മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓൺലൈൻ ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡിന് മുമ്പ് വരെ ഡ്രൈവിങ് ലൈസൻസ് ഉടമയുടെ വിസാ കാലാവധിക്ക് അനുസൃതമായാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകിയിരുന്നത്. എന്നാൽ കോവിഡ് കാലത്ത് കാലാവധി മൂന്ന് വർഷമായി വര്‍ധിപ്പിക്കുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകള്‍ നേരത്തെ സൂഷ്മ പരിശോധന ആരംഭിച്ചിരുന്നു. ഡ്രൈവിങ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളില്‍ അധികൃതർ റദ്ദാക്കിയത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം എട്ട്‌ ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകളാണ് പ്രവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News