കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ

ധനമന്ത്രാലയമാണ് 'ഇ സ്റ്റാമ്പ്' എന്ന പേരിൽ ആപ്പ് തയ്യാറാക്കിയത്

Update: 2021-11-02 15:15 GMT

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ . ധനമന്ത്രാലയമാണ് ഇ സ്റ്റാമ്പ് എന്ന പേരിൽ ആപ്പ് തയ്യാറാക്കിയത് . ആദ്യഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജുക്കേഷൻ എന്നിവയിലാണ് ഇ സ്റ്റാമ്പ് പേയ്‌മെന്‍റ് സംവിധാനം നടപ്പാക്കുന്നത്

സർക്കാർ സേവനങ്ങൾക്കും ഇടപാടുകൾക്കുമുള്ള ഫീസ് കെ.നെറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ അടക്കാൻ സഹായിക്കുന്ന സംവിധാനമാണ് ധനമന്ത്രാലയം അവതരിപ്പിച്ചത്. ഇ സ്റ്റാമ്പ് എന്ന പേരിൽ തയാറാക്കിയ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഐ ഓ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവയിലെ ഇടപാടുകൾക്ക് പേപ്പർ സ്റ്റാമ്പിന് പകരമായി വിദേശികൾക്കും സ്വദേശികൾക്കും ഇലക്ട്രോണിക് സ്റ്റാമ്പ് ഉപയോഗിക്കാം.

വെൻഡിങ് മെഷീനിൽനിന്ന് സ്റ്റാമ്പ് എടുത്ത് അപേക്ഷ ഫോമുകളിലും മറ്റും ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ഡിജിറ്റൽവത്കരണത്തിലെ നിർണായക നേട്ടമാണ് ഇലക്ട്രോണിക് സ്റ്റാമ്പ് എന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി അസീൽ അൽ മുനിഫി പറഞ്ഞു. അടുത്ത ഘട്ടത്തിൽ വാട്സാപ് പേയ്മെന്‍റ് ഉൾപ്പെടെ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും എല്ലാ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും വൈകാതെ ഇ സ്റ്റാമ്പ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News