കുവൈത്തിലെ എക്‌സിറ്റ് പെർമിറ്റ്: തൊഴിലുടമ അന്യായമായി യാത്ര നിഷേധിച്ചാൽ പ്രവാസികൾക്ക് അപ്പീൽ നൽകാം

ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്

Update: 2025-06-12 06:06 GMT

കുവൈത്തിലെ എക്‌സിറ്റ് പെർമിറ്റ് സംവിധാനം തൊഴിലുടമകൾ ദുരുപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ മറുപടിയുമായി അധികൃതർ. അന്യായമായി യാത്രാ അനുമതി നിഷേധിക്കപ്പെടുന്ന ഏതൊരു തൊഴിലാളിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ പരാതി നൽകാമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തർക്കം പരിഹരിക്കുന്നതിന് അധികൃതർ ഉചിത നടപടികൾ സ്വീകരിക്കും.

തൊഴിലുടമ അനുമതി നൽകാൻ വിസമ്മതിച്ചാൽ ജീവനക്കാരന് നിയമ നടപടികൾ സ്വീകരിക്കുകയും കമ്പനിക്കെതിരെ ലേബർ റിലേഷൻസ് യൂണിറ്റിലേക്ക് പരാതി സമർപ്പിക്കുകയും ചെയ്യാം. തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കിൽ, വർഷത്തിൽ എത്ര തവണ വേണമെങ്കിലും പ്രവാസി ജോലിക്കാരന് യാത്രചെയ്യാൻ സാധിക്കും.

Advertising
Advertising

ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്. മന്ത്രിതല സർക്കുലർ പ്രകാരമാണ് പുതിയ തീരുമാനം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹാണ് സർക്കുലർ പുറപ്പെടുവിച്ചത്. ഇതോടെ എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുമ്പായി എക്‌സിറ്റ് പെർമിറ്റ് നേടണം. തൊഴിലുടമകളും പ്രവാസി തൊഴിലാളികളും പുതിയ എക്സിറ്റ് പെർമിറ്റ് നിയമം കർശനമായി പാലിക്കണമെന്ന് പിഎഎം വ്യക്തമാക്കി.

ജീവനക്കാരന്റെ വ്യക്തിഗത വിവരങ്ങൾ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ എക്‌സിറ്റ് പെർമിറ്റിനുള്ള അപേക്ഷയിൽ ഉൾപ്പെടുത്തണം. സഹ്ൽ ആപ്പ് വഴിയോ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പോർട്ടൽ വഴിയോയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജീവനക്കാർ എക്‌സിറ്റ് പെർമിറ്റ് സമർപ്പിച്ചാൽ തൊഴിലുടമക്ക് സഹ്ൽ ബിസിനസ് ആപ്പിലോ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പോർട്ടലിലോ നോട്ടിഫിക്കേഷൻ ലഭിക്കുകയും തുടർന്ന് അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്യാം. തൊഴിലുടമ അഭ്യർത്ഥന അംഗീകരിക്കുന്നതോടെ സഹ്ൽ ആപ്പ് വഴി ജീവനക്കാരന് എക്‌സിറ്റ് പെർമിറ്റ് ഡൌൺലോഡ് ചെയ്യാം. യാത്രക്കുമുമ്പ് തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക അനുമതി ഉറപ്പാക്കുകയാണ് ലക്ഷ്യം.

അടിയന്തര സാഹചര്യങ്ങളിൽ, ജീവനക്കാരന് വേണ്ടി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും തൊഴിലുടമക്ക് ഉണ്ടാകും. സേവനം 24 മണിക്കൂറും ലഭ്യമാണെന്നും സങ്കീർണതകളൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പാക്കുക, യാത്രകൾ നിയമപരമായി ചട്ടങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പാക്കുക, സ്പോൺസറുടെ അറിവില്ലാതെ വിദേശത്തേക്ക് പോകുന്ന സാഹചര്യങ്ങൾ കുറയ്ക്കുക എന്നിവയാണ് പുതിയ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News