കുവൈത്ത് മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായി കരാറിൽ ഒപ്പുവെച്ചു

രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റം വേഗത്തിലാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കരാറില്‍ ഏര്‍പ്പെട്ടത്

Update: 2025-03-07 06:29 GMT

കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായി സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുമാണ് സംയുക്ത കരാറില്‍ ഒപ്പിട്ടത്. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആപ്ലിക്കേഷനുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കരാർ.

കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായി രാജ്യത്തെ ഒരു പ്രാദേശിക എ.ഐ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കരാർ സഹായകരമാകും എന്നു കമ്മ്യൂണിക്കേഷൻസ് കാര്യ മന്ത്രി ഒമർ സൗദ് അബ്ദുൽ അസീസ് അൽ-ഒമർ പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും നവീകരണത്തിനും സംരംഭകത്വത്തിനും ഈ പങ്കാളിത്തം നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

അമീറിന്റെയും കിരീടാവകാശിയുടെയും സമഗ്ര പിന്തുണയോടെയും പ്രധാനമന്ത്രിയുടെ മേൽനോട്ടത്തോടെയും കരാർ നടപ്പാക്കുന്നതാണെന്ന് അൽ-ഒമർ വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുന്നതോടെ കുവൈത്തിൽ ഐടി മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ആദ്യ ഡാറ്റാ സെന്റർ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

കൂടാതെ, കൂടുതൽ സാങ്കേതിക കമ്പനികളെ കുവൈത്തിൽ നിക്ഷേപം നടത്താൻ ആകർഷിക്കാനും ഈ കരാർ സഹായിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും സാമ്പത്തിക മുന്നേറ്റവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ കരാർ നിർണായകമാകുമെന്ന് മൈക്രോസോഫ്റ്റ് മിഡിൽ ഈസ്റ്റ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് സമീർ അബുൽ തൈഫ് പറഞ്ഞു.

കുവൈത്തിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ മേഖലയിലെ സൈബർ സുരക്ഷ വർധിപ്പിക്കാനും സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള "Cybersphere" സംരംഭം ആരംഭിക്കാൻ കുവൈത്ത് സർക്കാരുമായി സഹകരിക്കുമെന്നും അബുൽ തൈഫ് കൂട്ടിച്ചേർത്തു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News