ശമ്പള സമ്പ്രദായം പുനഃപരിശോധിക്കാൻ കുവൈത്ത്; സ്ട്രാറ്റജിക് ബദൽ പേറോൾ സിസ്റ്റം നടപ്പിലാക്കും
ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പള ക്രമീകരണം
സര്‍ക്കാര്‍ പൊതുമേഖലയിലെ ശമ്പള സമ്പ്രദായം പുനഃപരിശോധിക്കാനുള്ള ആലോചനയുമായി കുവൈത്ത് ധനകാര്യ മന്ത്രാലയം. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് സ്ട്രാറ്റജിക് ബദൽ പേ റോൾ സിസ്റ്റം നടപ്പിലാക്കുന്നത്.
ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പള ക്രമീകരണം. ഇതിലൂടെ പേയ്‌മെന്റിൽ തുല്യത കൈവരിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സര്‍ക്കാര്‍ മേഖലയില്‍ സാലറി വര്‍ദ്ധിക്കുന്നതോടെ സ്വദേശി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ കഴിയും.
അതിനിടെ സ്ട്രാറ്റജിക് പേറോൾ സംബന്ധമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ മന്ത്രി മനാഫ് അല്‍ ഹജ്റി പറഞ്ഞു. പേറോൾ സിസ്റ്റം നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയിലാണെന്നും നയപരമായ തീരുമാനങ്ങള്‍ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 വര്‍ഷത്തിനിടെ ശമ്പളയിനത്തിൽ ആറുമടങ്ങ് വര്‍ദ്ധനയുണ്ടായതായും ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
എണ്ണ വിലയില്‍ കുറവ് വന്നത് കുവൈത്ത് ഉള്‍പ്പെടെയുള്ള ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണ ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തിയും പൊതു ചെലവ് കുറച്ചു പ്രതി സന്ധി തരണം ചെയ്യുന്നതിനുള്ള ദീർഘകാല സാമ്പത്തിക പരിഷ്കരണ പദ്ധതിക്കാണ് കുവൈത്ത് രൂപം നൽകിയത് . ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ബജറ്റ് പുന:ക്രമീകരിക്കുന്നതിനും സബ്‌സിഡികൾ വെട്ടിച്ചുരുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.