കുവൈത്തിലെ പ്രമുഖ ഗോളശാസ്ത്രജ്ഞന്‍ സാലിഹ് അല്‍ ഉജൈരി വിടപറഞ്ഞു
കുവൈത്തിലെ പ്രമുഖ ഗോളശാസ്ത്രജ്ഞന്‍ സാലിഹ് അല്‍ ഉജൈരി അന്തരിച്ചു. മേഖലയിലെ തന്നെ പ്രഥമ ഗോളശാസ്ത്രജ്ഞനായ ഉജൈരി തന്റെ 101ാം വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.
1920 ജൂണ്‍ 23 ന് ജനിച്ച അദ്ദേഹം അറബികള്‍ക്കിടയിലും ഗോളശാസ്ത്ര ഗവേഷകര്‍ക്കിടയിലും പ്രശസ്തനായിരുന്നു. ശാസ്ത്ര മേഖലയ്ക്ക് അദ്ദേഹം നിരവധി സംഭാവനകളും നല്‍കിയിട്ടുണ്ട്. പ്രാദേശിക, അന്തര്‍ദേശീയ ശാസ്ത്ര കോണ്‍ഫറന്‍സുകളിലെ നിത്യ സാനിധ്യമായിരുന്ന ഉജൈരി, വിവിധ വിജ്ഞാന പ്രവര്‍ത്തനങ്ങളിലും ശാസ്ത്ര ക്ലബ്ബുകളും പങ്കാളിയായിരുന്നു. ജ്യോതിശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കൂടാതെ ശാസ്ത്രമേഖലയിലെ അദ്ദേഹത്തിന്റെ കൃത്യമായ കണ്ടെത്തലുകളെ തുടര്‍ന്ന് അല്‍ ഉജൈരി എന്ന പേരില്‍ ഒരു കലണ്ടറും നിലവിലുണ്ട്. കുവൈത്തിന്റെ ഭരണ കാര്യങ്ങള്‍ക്കായി ഉജൈരി കലണ്ടര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമുണ്ട്.
നേട്ടങ്ങള്‍ മുന്‍നിര്‍ത്തി നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. 1981ല്‍ കുവൈത്ത് യൂണിവേഴ്‌സിറ്റി ശാസ്ത്രത്തില്‍ ഓണററി ഡോക്ടറേറ്റും 1988ല്‍ കോഓപ്പറേഷന്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സിന്റെ മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.