ബോട്ട് തകർന്ന് മെഡിറ്ററേനിയൻ കടലിൽ കുടുങ്ങി:40 അഭയാർത്ഥികളെ രക്ഷപ്പെടുത്തി കുവൈത്ത് എണ്ണക്കപ്പൽ
വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുടുങ്ങിയവർക്ക് തുണയായത് അൽ ദസ്മ കപ്പൽ
കുവൈത്ത് സിറ്റി: ബോട്ട് തകർന്ന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷപ്പെടുത്തി കുവൈത്ത് എണ്ണക്കപ്പൽ അൽ ദസ്മ. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ഈജിപ്തിലേക്കുള്ള അൽദസ്മയുടെ യാത്രയ്ക്കിടെയാണ് അഭയാർത്ഥികളെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ചൊവ്വാഴ്ച വൈകുന്നേരം പോർട്ട് സെയ്ദിലേക്കുള്ള യാത്രാമധ്യേയാണ് അൽദസ്മയുടെ ജീവനക്കാർ തകർന്ന ബോട്ട് കണ്ടതെന്ന് കമ്പനി അധികൃതർ അറിയിച്ചു. തുടർന്ന് ഈജിപ്ഷ്യൻ സെർച്ച് ആൻഡ് റെസ്‌ക്യൂ അതോറിറ്റിയുമായും KOTC ഓപ്പറേഷൻസ് ഓഫീസുമായും വേഗത്തിൽ ഏകോപനം നടത്തി, രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
കുടുങ്ങിക്കിടക്കുന്ന വ്യക്തികൾക്ക് വെള്ളം, ഭക്ഷണം, താൽക്കാലിക താമസം എന്നിവ ജീവനക്കാർ നൽകി. പോർട്ട് സെയ്ദിൽ എത്തിയ ശേഷം അഭയാർത്ഥികളെ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ഈജിപ്ഷ്യൻ അധികാരികൾക്ക് കൈമാറി.