ഇന്ത്യയില്‍നിന്ന് കുവൈത്ത് കമ്പനി ചാണകം ഇറക്കുമതി ചെയ്യുന്നു; നടപടികള്‍ ആരംഭിച്ചു

ചാണകം ഈന്തപ്പനകള്‍ക്ക് ജൈവ വളമായി ഉപയോഗിക്കാമെന്ന കുവൈത്തിലെ കാര്‍ഷിക ഗവേഷകരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇത്തരമൊരു നീക്കം

Update: 2022-06-22 13:31 GMT
Advertising

ഇന്ത്യയില്‍നിന്ന് കുവൈത്തിലെ ഒരു കമ്പനിക്ക് വേണ്ടി ചാണകം കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളിലേയും രണ്ടു കമ്പനികളാണ് ഇത്തരമൊരു അപൂര്‍വ ചരക്കുകൈമാറ്റ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും കുവൈത്തിനും ഇടയിലുള്ള ഇത്തരത്തിലെ ആദ്യ ചരക്ക് കയറ്റുമതിയാണിത്. 192 ടണ്‍ ചാണകമാണ് കുവൈത്തിലേക്ക് കയറ്റിഅയക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാണകം ഈന്തപ്പനകള്‍ക്ക് ജൈവ വളമായി ഉപയോഗിക്കാമെന്ന കുവൈത്തിലെ കാര്‍ഷിക ഗവേഷകരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇത്തരമൊരു നീക്കം. കുവൈത്തിലെ ഒരു കമ്പനി ഇതിനുള്ള കരാറില്‍ ഒപ്പുവച്ചതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍-റായി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈന്തപ്പനകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ചാണകം അത്യുത്തമമാണെന്നാണ് ഇന്ത്യന്‍ യൂണിയന്‍ ഓഫ് ഓര്‍ഗാനിക് ക്രോപ്‌സ് ഗ്രോവേഴ്സ് പ്രസിഡന്റ് അതുല്‍ ഗുപ്ത പറയുന്നത്. ഈന്തപ്പഴങ്ങളുടെ വലുപ്പത്തിലും ഗുണനിലവാരത്തിലും വലിയ സ്വാധീനം ചെലുത്താന്‍ ചാണകത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇത്തരമൊരു ജൈവവസ്തു കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇതാദ്യമാണെന്ന് ഇന്ത്യന്‍ കമ്പനി ഡയരക്ടര്‍ പ്രശാന്ത് ചതുര്‍വേദി പറഞ്ഞു. കസ്റ്റംസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജസ്ഥാനില്‍നിന്നാണ് ചാണകം കണ്ടെയ്നറുകളില്‍ കയറ്റുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News