കുവൈത്തിലെ 67 സേവനങ്ങൾക്ക് പുതുതായി ഫീസ്, നിലവിലുള്ള നിരക്കുകളിൽ വൻ വർധനവ്; നിർദേശവുമായി വാണിജ്യ വ്യവസായ മന്ത്രാലയം

ചില ഫീസുകളിലെ വർധനവ് നിലവിലെ നിരക്കുകളുടെ 17 മടങ്ങ് വരെ

Update: 2025-08-10 10:25 GMT

കുവൈത്ത് സിറ്റി: 67 സേവനങ്ങൾക്ക് പുതുതായി ഫീസ് ഏർപ്പെടുത്താനും നിലവിലുള്ള ചാർജുകൾ ഗണ്യമായി വർധിപ്പിക്കാനും നിർദേശിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. നിലവിലുള്ള നിരക്കുകളുടെ 17 മടങ്ങ് വരെ എത്തുന്നതാണ് ചില ഫീസുകളിലെ വർധനവ്.

സേവന നിരക്കുകൾ അവലോകനം ചെയ്യാനും നവീകരിക്കാനും സർക്കാർ ഏജൻസികൾ ധനമന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്ന മന്ത്രിസഭാ നിർദേശത്തെ തുടർന്നാണ് ഈ നീക്കം.

നിലവിൽ സൗജന്യമായി ലഭിക്കുന്ന നിരവധി സേവനങ്ങൾക്ക് - കമ്പനി രൂപീകരണ അപേക്ഷകൾ പോലുള്ളവ - നിർദേശം അനുസരിച്ച് 20 ദിനാർ ചിലവാകും. ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്ക് പോലും ഫീസുണ്ടാകും.

Advertising
Advertising

മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന മറ്റ് സൗജന്യ സേവനങ്ങൾക്കും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. വ്യക്തിഗത കമ്പനികളുടെ സാമ്പത്തിക വർഷം ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷകൾ, മോർട്ട്‌ഗേജുകളും വാണിജ്യ ഏജൻസികളും എഴുതിത്തള്ളൽ, മത്സ്യം, കാലിത്തീറ്റ, കന്നുകാലികൾ, പച്ചക്കറികൾ, പഴങ്ങൾ, പക്ഷികൾ എന്നിവയ്ക്കുള്ള ബ്രോക്കറേജ് സേവനങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ആഭരണ പ്രദർശനങ്ങൾക്കുള്ള താത്കാലിക വാണിജ്യ ലൈസൻസിനുള്ള ഫീസ് 30 ൽ നിന്ന് 500 ദിനാറായി ഉയർത്തൽ, കമ്പനി മൂലധനം മാറ്റൽ, ഓഹരികൾ പരിഷ്‌കരിക്കൽ, വ്യാപാര നാമങ്ങൾ മാറ്റൽ തുടങ്ങിയ നടപടിക്രമങ്ങൾക്കുള്ള ചാർജുകളിൽ 25 ശതമാനം വർധനവ് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട വർധനവുകളിൽ ചിലത്.

കമ്പനി ലൈസൻസുകൾ പുതുക്കൽ, ബോർഡ് അംഗ സർട്ടിഫിക്കറ്റുകൾ നൽകൽ, പ്രൊഫഷണൽ അക്കൗണ്ടിംഗ് ലൈസൻസുകൾ എന്നിവയ്ക്കുള്ള ഫീസിലും ശ്രദ്ധേയമായ വർധനവുണ്ടാകും. റേഷൻ കാർഡ് ഇഷ്യൂ ചെയ്യുന്നതിനുള്ള പുതുക്കൽ ഫീസ് 5 ൽ നിന്ന് 10 ദിനാറാക്കും.

യഥാർത്ഥ സേവന ചെലവുകൾ, ഗൾഫ് താരതമ്യ പഠനം, പതിറ്റാണ്ടുകളായി പല ഫീസുകളും പരിഷ്‌കരിച്ചിട്ടില്ല എന്ന വസ്തുത എന്നിവ അടിസ്ഥാനമാക്കിയാണ് ക്രമീകരണങ്ങൾ എന്ന് നിർദേശത്തിന് പിന്നിലെ ഉദ്യോഗസ്ഥർ പറയുന്നു - ചില ഫീസുകൾ 53 വർഷത്തോളം മാറ്റമില്ലാതെ തുടരുന്നതാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News