കുവൈത്തിൽ ഇന്ത്യൻ എംബസി എഞ്ചിനീയർമാർക്ക് പുതിയ രജിസ്ട്രേഷൻ ഡ്രൈവ്
2020 സെപ്റ്റംബറിലാണ് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ നടന്നത്
കുവൈത്തിലെ ഇന്ത്യൻ എംബസി എഞ്ചിനീയർമാർക്ക് പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. 2020 സെപ്റ്റംബറിലാണ് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ നടന്നത്.
എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സില്‍ നിന്ന് ലഭിക്കേണ്ട നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ വിഷയത്തില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് എംബസിയുടെ ഇടപെടല്‍. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ എന്‍.ബി.എ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷനില്ല.
എഐസിടിഇ അംഗീകാരമാണ് ഇന്ത്യയില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡം. ഇതോടെയാണ് വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന നൂറുക്കണക്കിന് മലയാളി എഞ്ചിനിയര്‍മാരുടെ ഉള്‍പ്പെടെയുള്ളവരുടെ അപേക്ഷകള്‍ എന്‍ഒസി നല്‍കാതെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് തള്ളിയത്.
അതിനിടെ റഫറൻസ് ആവശ്യങ്ങൾക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് പുതുക്കുകയാണ് രജിസ്ട്രേഷന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നതെന്ന് എംബസി അധികൃതര്‍ അറിയിച്ചു. നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനിൽ പുതുതായി രജിസ്റ്റർ ചെയ്യണമെന്ന് എംബസി നിർദ്ദേശിച്ചു. ഈ മാസം 22 ആണ് അവസാന തിയതി.ഗൂഗിള്‍ ഫോം വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത് .