റമദാൻ അവസാന പത്തിലേക്ക്: കുവൈത്തിലെ പള്ളികളിൽ ഖിയാമുല്ലൈൽ പ്രാർത്ഥന ആരംഭിച്ചു

രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ ഇത്തവണ ഖിയാമുല്ലൈൽ നമസ്കാരം ഇല്ല

Update: 2022-04-21 16:27 GMT
Editor : ijas

റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ കുവൈത്തിലെ പള്ളികളിൽ ഖിയാമുല്ലൈൽ പ്രാർത്ഥന ആരംഭിച്ചു. രാജ്യത്തെ മിക്ക മസ്ജിദുകളിലും നൂറുകണക്കിന് വിശ്വാസികൾ പാതിരാ നമസ്കാരത്തിന് അണിനിരന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടക്കാതിരുന്ന ഖിയാമുല്ലൈൽ നമസ്കാരത്തിന് വലിയ ജനപങ്കാളിത്തമാണ് ആദ്യദിനം അനുഭവപ്പെട്ടത്.

രാജ്യത്തെ മിക്ക പള്ളികളിലും രാത്രി പന്ത്രണ്ടു മണിക്ക് നമസ്കാരം ആരംഭിച്ചു. പാപമോചനത്തിനും പരലോക മോക്ഷത്തിനുമായുള്ള പ്രാർത്ഥനകൾ പലപ്പോഴും ഗദ്ഗദങ്ങളായി. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്‍റെ ആരോഗ്യത്തിനു വേണ്ടിയും രാജ്യത്തിന്‍റെ സുരക്ഷക്കും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ ഉണ്ടായി. ഔകാഫ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ പള്ളികളിൽ ഒരുക്കിയിരുന്നു. വെള്ളം, ജ്യൂസ്, സാനിറ്റൈസര്‍ തുടങ്ങിയവ എല്ലാ പള്ളികളിലും വിതരണം ചെയ്തു. പൊലീസ്, അഗ്നിശമന വിഭാഗം, എമർജൻസി മെഡിക്കൽ വിഭാഗം എന്നിവക്കു പുറമെ നിരവധി സന്നദ്ധപ്രവർത്തകരും പള്ളികളിലെത്തുവർക്ക് സഹായത്തിനായി നിലകൊണ്ടു. ചിലയിടങ്ങളിൽ ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ ഇത്തവണ ഖിയാമുല്ലൈൽ നമസ്കാരം ഇല്ല. പകരം സിദ്ദീഖിലെ മസ്ജിദ് ബിലാൽ ബിൻ റബാഹ് ആണ് പ്രധാന ശ്രദ്ധാ കേന്ദ്രം. ലോക പ്രശസ്ത ഖാരിഹുകളാണ് ഇവിടെ നമസ്കാരത്തിന് നേതൃത്വം നൽകുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News