പ്ലാസ്റ്റിക് പെറുക്കല്‍ മത്സരം; കുവൈത്ത് പരിസ്ഥിതി അതോറിറ്റി ശേഖരിച്ചത് 2,514 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം

Update: 2022-04-26 10:31 GMT

പ്ലാസ്റ്റിക് പെറുക്കല്‍ മത്സരത്തിലൂടെ കുവൈത്ത് പരിസ്ഥിതി അതോറിറ്റി ശേഖരിച്ചത് 2,514 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം. 'യുവര്‍ റൈറ്റ് ടേണ്‍' എന്ന പേരില്‍ നടത്തിയ റമദാന്‍ കാമ്പയിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

മാലിന്യം ഉറവിടത്തില്‍ നിന്ന് തന്നെ തരം തിരിക്കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണത്തിനായാണ് അതോറിറ്റി യുവര്‍ റൈറ്റ് ടേണ്‍ എന്ന പേരില്‍ കാമ്പയിനും മത്സരവും സംഘടിപ്പിച്ചത്.

സ്രോതസ്സില്‍നിന്ന് മാലിന്യം തരംതിരിക്കാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുക, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്ന ഒരു തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി ഡയരക്ടര്‍ ശൈഖ് അബ്ദുല്ല അല്‍ അഹമ്മദ് പറഞ്ഞു.

Advertising
Advertising

കുവൈത്തിലെ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റുകളുടെ സാമ്പത്തിക സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈഫാന്‍ പാര്‍ക്ക് കേന്ദ്രീകരിച്ചായിരുന്നു മത്സരം. 358 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച വതനിയ പ്രൈവറ്റ് സ്‌കൂളിനാണു ഒന്നാം സ്ഥാനം.

അബ്ദുല്‍ ഹാദി അല്‍ ബാഖിഷി, അഹമ്മദ് അത്തല്ല എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാം വിജയിക്ക് 500 ദിനാറും രണ്ടാം സ്ഥാനത്തിന് 200 ദിനാറും മൂന്നാം സ്ഥാനത്തിനു നൂറ് ദിനാറും സമ്മാനമായി നല്‍കുമെന്ന് പരിസ്ഥിതി അതോറിറ്റി വക്താവ് ശൈഖ ഇബ്രാഹീം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News