ആനന്ദ് കപാഡിയയുടെ നിര്യാണത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ ദുഖം രേഖപ്പെടുത്തി

കുവൈത്തിലെ ഇന്ത്യൻ ബിസിനസ് ആന്‍റ് പ്രൊഫഷണൽ കൗൺസിൽ ചെയർമാനായിരുന്ന ആനന്ദ് കപാഡിയ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്

Update: 2021-11-08 14:15 GMT
Advertising

പ്രമുഖ ഇന്ത്യൻ സംരംഭകനും കുവൈത്തിലെ ഇന്ത്യൻ ബിസിനസ് ആന്‍റ് പ്രൊഫഷണൽ കൗൺസിൽ ചെയർമാനുമായിരുന്ന ആനന്ദ് കപാഡിയയുടെ നിര്യാണത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌  ദുഖം രേഖപ്പെടുത്തി. നാലുപതിറ്റാണ്ടുകാലത്തെ കുവൈത്ത് ജീവിതത്തിനിടയിൽ സാമ്പത്തികമായും സാംസ്കാരികമായും ഇന്ത്യാ കുവൈത്ത് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന്‍റെ സംഭാവനകൾ നിർണായകമായിരുന്നു എന്ന് അംബാസഡർ അനുസ്‌മരിച്ചു.

കുവൈത്തിൽ ബിസിനസ്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആനന്ദ് കപാഡിയ ഐ.ബി.പി.സി തലവനായിരിക്കെ എംബസിയുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്‍റെ (ICSG) ഭാഗമായി കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് സമയോചിതമായി സഹായം എത്തിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം മൂലം കുടുംബത്തിനും സുഹൃത്തുക്കൾക്കും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും ഉണ്ടായ ദുഖത്തിൽ അനുശോചനം രേഖപെടുത്തുന്നതായും അംബാസഡർ സിബി ജോർജ് സന്ദേശത്തില്‍ അറിയിച്ചു.

കുവൈത്തിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെയും സാംസ്കാരിക പരിപാടികളെയും പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ നിന്ന കപാഡിയ, ദാർ അൽ അത്തർ അൽ ഇസ്‌ലാമിയ്യ, നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് തുടങ്ങിയ കുവൈത്തി സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി പരിപാടികൾ കുവൈത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീത ലോകത്തെ അതികായരായ ലതാ മങ്കേഷ്‌കർ, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് അല്ലാ രഖ, പണ്ഡിറ്റ് ഹരി പ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാർ ശർമ്മ, ഉസ്താദ് സക്കീർ ഹുസൈൻ, ഉസ്താദ് ഷുജത് ഖാൻ, ഉസ്താദ് അംജദ് അലി ഖാൻ എന്നിവരെ ഉൾപ്പെടുത്തി ഇന്ത്യൻ സംഗീത പരിപാടി സംഘടിപ്പിക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചു .

നാല്‍പത് വർഷത്തിലേറെ കുവൈത്തിൽ പ്രവാസിയായിരുന്ന ആനന്ദ് കപാഡിയ കഴിഞ്ഞ ഫെബ്രുവരിയിലാണ്  കാനഡയിലേക്ക് താമസം മാറിയത്. ഞായറഴ്ച ടോറണ്ടോയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ ഇന്ദിര, മക്കളായ അക്ഷത, മ്രിഗ , അമിത് എന്നിവരടങ്ങുന്നതാണ് കുടുംബം.   

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News