ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് പരിഷ്‌കരിച്ച നടപടിയിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് അതൃപ്തി

Update: 2022-08-10 07:15 GMT
Advertising

കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് പരിഷ്‌കരിച്ച നടപടിയിൽ ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് അതൃപ്തി. പുതിയ ഫീസ് നിരക്ക് കുവൈത്തിലേക്ക് മികച്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസസ് ഫെഡറേഷൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫീസ് നിരക്ക് വാണിജ്യ മന്ത്രാലയം പ്രത്യേക മന്ത്രിതല ഉത്തരവിലൂടെ പരിഷ്‌കരിച്ചത്. എന്നാൽ വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം വിദഗ്ധ തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടാക്കുന്നുവെന്നാണ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് ഓണേഴ്സ് ഫെഡറേഷന്റെ വാദം.

റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ ഗൾഫിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കുവൈത്ത് ആണെന്നും കുവൈത്തിലെ ഓഫീസുകൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കാണ് മറ്റു ജി.സി.സി രാജ്യങ്ങളിൽ ഈടാക്കുന്നതെന്നും ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് അൽ ദഖ്നാൻ ചൂണ്ടിക്കാട്ടി.

ഫീസ് നിരക്ക് കുറച്ചത് കാരണം തൊഴിൽ കയറ്റുമതി രാജ്യങ്ങളിലെ ഓഫീസുകൾ കുവൈത്തിലേക്ക് മികച്ച തൊഴിലാളികളെ അയക്കുന്നതിനും വിസമ്മതിക്കുകയാണ്. മറ്റ് രാജ്യങ്ങൾ വളരെ ഉയർന്ന തുക നൽകുമ്പോൾ ഏറ്റവും നല്ല തൊഴിലാളികളെ അങ്ങോട്ട് അയക്കുന്നത് സ്വാഭാവികമാണെന്നും ഫെഡറേഷൻ മേധാവി പറഞ്ഞു.

ഫീസ് നിരക്ക് നിശ്ചയിക്കുമ്പോൾ വാണിജ്യമന്ത്രാലയം ലേബർ ഓഫീസ് ഫെഡറേഷന്റെ അഭിപ്രായം സ്വീകരിക്കാത്തതിൽ ആശ്ചര്യമുണ്ട്. പൗരന്മാരുടെയും ഓഫീസ് ഉടമകളുടെയും താൽപ്പര്യം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ലേബർ ഓഫീസസ് ഫെഡറേഷൻ അഭ്യർത്ഥിച്ചു.

ഗാർഹിക ജോലിക്കാരെ ലഭിക്കുന്നതിനായി തൊഴിലുടമ റിക്രൂട്ട്‌മെന്റ് ഓഫീസിൽ അടക്കേണ്ട പരമാവധി ഫീസ് ആണ് വാണിജ്യമന്ത്രാലയം നിജപ്പെടുത്തിയത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹികത്തൊഴിലാളികൾക്ക് 700 ദിനാറും ഫിലിപ്പിനോ തൊഴിലാളികൾക്ക് 850 ദിനാറും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 500 ദിനാറുമാണ് വാണിജ്യമന്ത്രാലയം നിശ്ചയിച്ച ഫീസ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News