റുമൈത്തിയ ഡൊമസ്റ്റിക് ലേബർ ഓഫീസിൽ പരാതിയുമായി എത്തുവര്‍ക്ക് എംബസിയുടെ സഹായം തേടാം
കുവൈത്തിലെ റുമൈത്തിയ ഡൊമസ്റ്റിക് ലേബർ ഓഫീസിൽ പരാതിയുമായി എത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾക്ക് എംബസി ഉദ്യോഗസ്ഥന്റെ സഹായം തേടാം.
കുവൈത്തിലെ റുമൈത്തിയ ഡൊമസ്റ്റിക് ലേബർ ഓഫീസിൽ പരാതിയുമായി എത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾക്ക് എംബസി ഉദ്യോഗസ്ഥന്റെ സഹായം തേടാം. ഇതിനായി അറബി ഭാഷയിൽ പ്രാവീണ്യം ഉള്ള ഉദ്യോഗസ്ഥനെ ഡൊമസ്റ്റിക് ലേബർ ഓഫീസിൽ നിയോഗിച്ചതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഡി.എൽ ഓഫീസിൽ എംബസി ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമായിരിക്കും. പരാതിയുമായി ഓഫീസിൽ എത്തുന്ന തൊഴിലാളികൾക്ക് അറബി ഭാഷയിൽ പ്രാവീണ്യമുള്ള ഈ ഉദ്യോഗസ്ഥന്റെ സഹായം തേടാം . 65501769 എന്ന വാട്സാപ്പ് നമ്പറിലും എംബസ്സി ജീവനക്കാരനുമായി ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു .
ഡൊമസ്റ്റിക് ലേബർ ഓഫീസിൽ പരാതിയുമായി എത്തുന്ന ഗാർഹിക ജോലിക്കാരിൽ പലർക്കും ഭാഷ അറിയാത്തതിനാൽ കുവൈത്തി ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിക്കാൻ പ്രയാസമായിരുന്നു . പരാതികളിൽ പലപ്പോഴും തൊഴിലുടമക്ക് അനുകൂലമായ തീർപ്പ് ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നതായി സാമൂഹ്യ പ്രവർത്തകർ ഇന്ത്യൻ അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് എംബസ്സി ദ്വിഭാഷിയെ സഹായത്തിനായി നിയോഗിച്ചത്.