ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം; കുവൈത്ത് ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അസ്വബാഹ് ആണ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്

Update: 2021-11-26 17:00 GMT
Editor : abs
Advertising

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയസാഹചര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുന്നത്.

കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് എത്തുന്നത് തടയാനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചു ചർച്ച ചെയ്യാനാണ് ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അസ്വബാഹ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട സുരക്ഷാ മുൻകരുതലുകളും നടപടിക്രമങ്ങളും അടുത്ത ദിവസം ചേരുന്ന യോഗം ചർച്ച ചെയ്യും.

നിലവിൽ കുവൈത്തിലെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടതിനാൽ നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനവും വ്യോമഗതാഗതവും ഏറെക്കുറെ സാധാരണ നിലയിലാണ്. തീവ്ര പരിചണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അവസാന രോഗിയും കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടു. നിലവിൽ 239 കോവിഡ് പോസിറ്റിവ് കേസുകൾ മാത്രമാണ് രാജ്യത്ത് ഉള്ളത്. ചിട്ടയോടെയുള്ള പ്രതിരോധ നടപടികളും വാക്സിനേഷൻ കാമ്പയിന്റെ വിജയവുമാണ് നിലവിലെ മെച്ചപ്പെട്ട അവസ്ഥക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

അതേസമയം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം ഒന്നിലധികം തവണ ജനിതകമാറ്റത്തിന് വിധേയമായതും കൂടുതൽ അപകടകാരിയും ആണെന്നാണ് റിപ്പോർട്ടുകൾ. ബി 1 വകഭേദത്തിന്റെ 22 കേസുകളാണ് ആഫ്രിക്കയിൽ കണ്ടെത്തിയത്. പുതിയ സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം എന്തൊക്കെ മുൻകരുതൽ നടപടികളാണ് കൈക്കൊള്ളുക എന്നാണ് ജനം ഉറ്റുനോക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Similar News