കുവൈത്തിലെ സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കാന്‍ തീരുമാനം
കുവൈത്തിലെ പ്രമുഖ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ആണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത്തരത്തിൽ ആദ്യമായി കാണികൾക്ക് പ്രവേശനം അനുവദിച്ച് നടത്തുന്നത്.
കുവൈത്തിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ വെള്ളിയാഴ്ച മുതൽ കാണികളെ അനുവദിച്ചു തുടങ്ങും . സ്റ്റേഡിയത്തിന്‍റെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവേശിപ്പിക്കുക. കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമാകും പ്രവേശനം.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ മുഴുവൻ സ്റ്റേഡിയങ്ങളിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. മത്സരത്തിലും പരിശീലനത്തിലും ആരോഗ്യ മന്ത്രാലയത്തിൻറെ നിർദേശങ്ങൾ പാലിക്കണം. വെള്ളിയാഴ്ച ആരംഭിക്കുന്ന കുവൈത്തിലെ പ്രമുഖ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ആണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത്തരത്തിൽ ആദ്യമായി കാണികൾക്ക് പ്രവേശനം അനുവദിച്ച് നടത്തുന്നത്.ജഹ്റയും അൽ ഷബാബ് എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ വർഷം കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടന്നത്.
കോവിഡ് വ്യാപനം കുറഞ്ഞതും വാക്സിനേഷൻ ദൗത്യം പുരോഗമിക്കുന്നതും വിലയിരുത്തിയായാണ് കായിക മത്സരങ്ങൾക്ക് കാണികളെ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.