കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിൽ ശക്തമായ സുരക്ഷാപരിശോധന തുടരുന്നു

ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അസ്സബാഹിൻറെ നേതൃത്വത്തിലാണ് പരിശോധന കാമ്പയിൻ നടക്കുന്നത്

Update: 2024-10-19 14:39 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിൽ ശക്തമായ സുരക്ഷാപരിശോധന തുടരുന്നു. അനധികൃത താമസക്കാർക്കെതിരെയും നിയമലംഘകർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫഹാഹീലിൽ നടന്ന വിപുലമായ പരിശോധനയിൽ 2,200 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഓഫീസ് അറിയിച്ചു.

പരിശോധനയ്ക്കിടെ നിരവധി നിയമലംഘകരെ പിടികൂടി. മൂന്ന് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും 16 കാറുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അസ്സബാഹിൻറെ നേതൃത്വത്തിലാണ് കാമ്പയിൻ നടന്നത്. ട്രാഫിക് ഡിപ്പാർട്മെൻറ്, സുരക്ഷ സേന, സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ്, വനിതാ പൊലീസ് എന്നിവരുടെ ഏകോപനത്തിലാണ് പരിശോധന നടത്തുന്നത്.

Advertising
Advertising

പൊതു സുരക്ഷയും ക്രമസമാധാനവും ട്രാഫിക് നിയമലംഘകരെയും ലക്ഷ്യമിട്ടാണ് കാമ്പയിനെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടുന്നതിലൂടെ കുറ്റകൃത്യങ്ങൾ കുറക്കാനും അനധികൃത താമസക്കാരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഓരോ പ്രദേശങ്ങളിലേക്കുമുള്ള എൻട്രൻസ് - എക്‌സിറ്റ് വഴികൾ പൂർണ്ണമായും അടച്ചാണ് സുരക്ഷാ നടപടികൾ. കാൽനടക്കാരെയും വാഹനങ്ങളിലും പരിശോധന ശക്തമാണ്. അതേസമയം, നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പോലിസിനെ അറിയിക്കണമെന്നും സുരക്ഷാപരിശോധനയുമായി പൂർണ്ണമായും സഹകരിക്കാനും സ്വദേശികളോടും പ്രവാസികളോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News