കുവൈത്തില്‍ അമീര്‍ കപ്പ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി
30 രാജ്യങ്ങളില്‍നിന്നുള്ള 200ലേറെ ഷൂട്ടിങ് താരങ്ങളാണ് മത്സരിക്കുന്നത്
കുവൈത്തില്‍ അമീര്‍ കപ്പ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിലൊന്നായ ഇന്റര്‍നാഷനല്‍ ഷൂട്ടിങ് ഗ്രാന്‍ഡ് പ്രിയില്‍ 30 രാജ്യങ്ങളില്‍നിന്നുള്ള 200ലേറെ ഷൂട്ടിങ് താരങ്ങളാണ് മത്സരിക്കുന്നത്.
ശൈഖ് സബാഹ് അല്‍ അഹ്‌മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്‌സിലാണ് അമീര്‍സ് ഇന്റര്‍നാഷനല്‍ ഷൂട്ടിങ് ഗ്രാന്‍ഡ് പ്രി ടൂര്‍ണമെന്റ് നടക്കുന്നത്. കുവൈത്ത് അമീറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം. അറബ് ഷൂട്ടിങ് ഫെഡറേഷനും കുവൈത്ത് ഷൂട്ടിങ് ക്ലബ്ബും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ആറുദിവസത്തെ ടൂര്‍ണമെന്റില്‍ എല്ലാ ഒളിമ്പിക് ഷൂട്ടിങ് ഇനങ്ങളിലും മത്സരമുണ്ടാവും. കുവൈത്തി താരങ്ങള്‍ക്കായി പ്രത്യേക പരിശീലന സെഷനുകളും ടൂര്‍ണമെന്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് മിശ്അല്‍ അല്‍ ജാബിര്‍ അസ്സബാഹ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടന ദിവസം പരിശീലന സെഷനും കലാപരിപാടികളും നടന്നു. വെള്ളിയാഴ്ചയാണ് സമാപനം. 2024ലെ പാരീസ് ഒളിമ്പിക്‌സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് കുവൈത്ത് താരങ്ങള്‍ നേരത്തെ തന്നെ തയാറെടുപ്പ് തുടങ്ങിയതായി കുവൈത്ത് ഷൂട്ടിങ് ക്ലബ് ചെയര്‍മാന്‍ ദുഐജ് അല്‍ ഉതൈബി പറഞ്ഞു.