മനുഷ്യക്കടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇരകള്‍; മോചനദ്രവ്യമായി നല്‍കിയത് 50,000 രൂപ

കഴിഞ്ഞ ഡിസംബറില്‍ പൊതുസ്ഥലത്ത് കണ്ട പോസ്റ്റര്‍ വഴിയാണ് ജോലിക്ക് അപേക്ഷിച്ചതെന്ന് ഇര പറയുന്നു

Update: 2022-06-23 12:23 GMT

കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന റാക്കറ്റുകളെ സംബന്ധിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തുവരുന്നതിനിടെ, മനുഷ്യക്കടത്തിനിരയായ തൃക്കാക്കര സ്വദേശി കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റാക്കറ്റിനെതിരെയും അതിന്റെ തലവനെന്ന് പറയപ്പെടുന്ന എം.കെ ഗസ്സാലി എന്ന മജീദിനെതിരെയുമാണ് ഏറ്റവുമൊടുവില്‍ പരാതി നല്‍കിയിരിക്കുന്നത്. മോചനദ്രവ്യമായി മൂന്ന് ലക്ഷം രൂപ റാക്കറ്റര്‍മാര്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് മകന്‍ 50,000 രൂപ നല്‍കിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Advertising
Advertising

കുഞ്ഞിനെ പരിപാലിക്കുന്ന ജോലിക്കെന്ന് പറഞ്ഞാണ് റിക്രൂട്ട് ചെയ്തതെങ്കിലും ഒരു അറബ് സ്വദേശിയുടെ വീട്ടുവേലക്കാരിയായിയാണ് പിന്നീട് ജോലി നല്‍കിയത്. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ തന്നെ മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന വെയിലില്‍ നില്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇര പറയുന്നു. അടിമയെപ്പോലെയാണ് തന്നെ കണ്ടത്, നെഞ്ചിലും മുഖത്തുമെല്ലാം അടിക്കുകയും ചെയ്തിട്ടുണ്ട്.

തനിക്ക് രോഗം മൂര്‍ച്ചിച്ചപ്പോള്‍ വെറുമൊരു ടാബ്ലറ്റ് മാത്രം നല്‍കുകയാണ് ചെയ്തത്. മൂക്കില്‍നിന്ന് രക്തം ഒഴുകിയിട്ടുപോലും തന്നെ ദിവസങ്ങളോളമാണ് മുറിയില്‍ പൂട്ടിയിട്ടത്. ശേഷം പ്രതികള്‍ മോചനദ്രവ്യമായി 3 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ മകന്‍ 50,000 രൂപ നല്‍കിയ ശേഷം മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിച്ചതെന്നും പരാതിയില്‍ പറയുന്നു.

2022 ഫെബ്രുവരി 28ന് ഗൂഗിള്‍ പേ വഴിയാണ് തന്റെ മകന്‍ 50,000 രൂപ കൈമാറിയത്. കഴിഞ്ഞ ഡിസംബറില്‍ പൊതുസ്ഥലത്ത് കണ്ട പോസ്റ്റര്‍ വഴിയാണ് ജോലിക്ക് അപേക്ഷിച്ചതെന്നും ഇര പരാതിയില്‍ പറയുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News