സ്ത്രീയായി വേഷം കെട്ടിയുള്ള ഇന്ത്യക്കാരുടെ വൈറൽ വീഡിയോ; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ
പൊതു സദാചാര ലംഘനത്തെ തുടർന്നാണ് നടപടി, അൽമുത്ല ക്യാമ്പിലെ ആഘോഷമാണ് വീഡിയോയിലുണ്ടായിരുന്നത്
കുവൈത്ത് സിറ്റി: സ്ത്രീയായി വേഷം കെട്ടിയുള്ള ഇന്ത്യക്കാരുടെ വീഡിയോ വൈറലായതിനെ തുടർന്ന് കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ. അൽമുത്ല ക്യാമ്പിൽ നിന്നുള്ള വൈറൽ വീഡിയോയിൽ ഉൾപ്പെട്ടവരാണ്
അറസ്റ്റിലായത്. പൊതു സദാചാര ലംഘനത്തെ തുടർന്നാണ് ഇവരെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, സൈബർ ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
പൊതു സദാചാരത്തെ ലംഘിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ച സമൂഹ മാധ്യമ അക്കൗണ്ട് അധികൃതർ കണ്ടെത്തുകയായിരുന്നു. അൽമുത്ലയിലെ ഒരു ക്യാമ്പിൽ നിരവധി ഇന്ത്യക്കാർ ഒത്തുകൂടിയുള്ള ആഘോഷമാണ് വീഡിയോയിലുണ്ടായിരുന്നത്. സ്ത്രീകളെ അനുകരിക്കുന്നത് ഉൾപ്പെടെയുള്ള അനുചിത രീതികളും പെരുമാറ്റങ്ങളും വീഡിയോയിലുണ്ടായിരുന്നു. ഇത് സാമൂഹിക മൂല്യങ്ങൾക്ക് എതിരും രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനവുമാണെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു.
വീഡിയോ പുറത്തുവിട്ട അക്കൗണ്ടിന്റെ ഉടമയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അക്കൗണ്ട് തന്റേതാണെന്നും വീഡിയോയിലുള്ളവർ ക്ലിപ്പ് ചിത്രീകരിക്കുമ്പോൾ തന്റെ കൂടെയുണ്ടായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ അയാൾ സമ്മതിച്ചു. തുടർന്നാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തത്.