കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സിവിൽ ഐഡി കാർഡിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യാൻ അനുമതി
ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായകമായ തീരുമാനം കൈക്കൊണ്ടത്.
Update: 2022-08-17 15:18 GMT
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സിവിൽ ഐഡി കാർഡിലെ മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യാൻ അനുമതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായകമായ തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭായോഗത്തിനു ശേഷം നീതിന്യായമന്ത്രി ജമാൽ അൽ ജലാവി ദേശീയ ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടർമാർ താമസിക്കുന്ന നിയോജക മണ്ഡലത്തിൽ തന്നെ സമ്മതിദാനം വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കാനും പുതിയ നടപടി സഹായകമാകുമെന്നു മന്ത്രി പറഞ്ഞു. പുതിയ ജനവാസമേഖലകളെ ഭൂമിശാസ്ത്രപരമായ സാമീപ്യവും ഗവർണറേറ്റും അടിസ്ഥാനമാക്കി നാല് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.