കുവൈത്തില്‍ കോളറ വ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാഖിൽ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ സ്ഥിരീകരിച്ചത്

Update: 2022-11-28 19:07 GMT
Advertising

കുവൈത്ത്: കുവൈത്തില്‍ കോളറ വ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ സ്ഥിതിഗതികൾ ആശ്വാസകരവും നിയന്ത്രണവിധേയവുമാണെന്നും എന്നാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും രോഗികളെ നീരീക്ഷിക്കാനും മറ്റുള്ളവരിലേക്ക് അണുബാധ പകരുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ കൈക്കൊണ്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാഖിൽ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ സ്ഥിരീകരിച്ചത്. രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ ആരോഗ്യ മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്നും മന്ത്രാലയ വൃത്തങ്ങൾ ആവശ്യപ്പെട്ടു.

സുരക്ഷിതമായി അടച്ച കുപ്പിയിൽ ലഭിക്കുന്ന ശുദ്ധ ജലം മാത്രം കുടിക്കുവാൻ ശ്രദ്ധിക്കണം. നന്നായി പാകം ചെയ്ത് ചൂടോടെ വിളമ്പുന്ന ഭക്ഷണം മാത്രം കഴിക്കുകയും പാലും അനുബന്ധ ഉൽപ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

അതിനിടെ കോളറ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടതായി ജഹ്റ ആശുപത്രി ഡയറക്ടർ ഡോ.ജമാൽ അൽ ദുഐജ് അറിയിച്ചു . രോഗം പൂര്‍ണ്ണമായി മാറിയതിന് ശേഷമാണ് രോഗിയെ ആശുപത്രി വിടാൻ അനുവദിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News