സൗദിയിലേക്ക് വരുന്ന വിദേശികൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം; വ്യവസ്ഥ പ്രാബല്യത്തിൽ വന്നു

വാക്സിനെടുത്തവരും അല്ലാത്തവരും സൗദിയിലെത്തുന്നതിനുമുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇന്ത്യയിൽനിന്ന് സൗദിയിലെത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി

Update: 2021-06-17 18:54 GMT
Editor : Shaheer | By : Web Desk
Advertising

സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളും മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സൗദിക്കകത്തുനിന്നോ പുറത്തുനിന്നോ വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും സൗദിയിലേക്ക് വരുമ്പോൾ രജിസ്ട്രേഷൻ നിർബന്ധമാണ്. സൗദിയിൽ ഇഖാമയുള്ളവരാണെങ്കിലും, സന്ദർശന വിസയിൽ വരുന്നവരാണെങ്കിലും മുഖീം രജിസ്ട്രേഷനിൽ ഇളവില്ല. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

വിമാനത്താവളങ്ങളിലെയും മറ്റ് പ്രവേശനകേന്ദ്രങ്ങളിലേയും തിരക്ക് കുറക്കുന്നതിനും എമിഗ്രേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് പാസ്പോർട്ട് വിഭാഗം പറഞ്ഞു. വാക്സിനെടുക്കാതെ വരുന്നവർക്കും സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ ഇവർ സൗദിയിലെത്തിയാലുടൻ സ്വന്തം ചെലവിൽ ഏഴുദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിക്കണം. ഇതു സംബന്ധിച്ച വിവരങ്ങളും മുഖീം പോർട്ടലിൽ രേഖപ്പെടുത്തണം.

മുഖീം രജിസ്ട്രേഷൻ പൂർത്തിയായാൽ അതിന്റെ പ്രിന്റ് കോപ്പിയും വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയും യാത്രക്കാർ കൈവശം കരുതേണ്ടതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ, സൗദിയിൽ അംഗീകാരമുള്ള വാക്സിന്റെ പേര്, വാക്സിൻ സ്വീകരിച്ച തിയതികൾ, ബാച്ച് നമ്പർ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. സൗദിയിലേക്ക് നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് വരുന്ന വിദേശികളായ എല്ലാ ആരോഗ്യ പ്രവർത്തകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ കാണിക്കണം. ഇവർ നേരത്തെ രണ്ട് ഡോസ് വാക്സിനും എടുത്ത് രോഗപ്രതിരോധശേഷി നേടിയവരാണങ്കിൽ സൗദിയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല.

എന്നാൽ രണ്ട് ഡോസ് വാക്സിനെടുക്കാത്തവരാണെങ്കിൽ സൗദിയിൽ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. കൂടാതെ ആദ്യ ദിവസവും ഏഴാമത്തെ ദിവസവും പിസിആർ പരിശോധനയും നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News