ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് വർണാഭമായ തുടക്കം
ഒമാനിലെ പ്രവാസി സമൂഹത്തിന് കാഴ്ചയുടെ പുത്തൻ വസന്തം വിരിയിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് വർണാഭ തുടക്കം. 'മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ' എന്ന സന്ദേശത്തിൽ ഊന്നിയാണ് ഈ വർഷത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടക്കുന്നത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങിന്റെ ആഭിമുഖ്യത്തിൽ മസ്‌കത്തിലെ അമീറാത് പാർക്കിൽ നടക്കുന്ന ആഘോഷ പരിപാടി മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സംഘാടന സമിതി ചെയർമാൻ വിൽസൺ ജോർജ് അധ്യക്ഷതവഹിച്ചു. സിനിമ നടൻ പി.പി കുഞ്ഞി കൃഷ്ണൻ, ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, ഒമാനി പൗര പ്രമുഖരായ ഗാലിബ് സഈദ് അലി അൽ ഹർത്തി, ബദർ അൽ ഹിനായ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ് കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്‌കാരിക സംഗമം ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും എത്തുന്നത്.
ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്‌കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒമാൻ സ്വദേശികളും പ്രവാസികളുമുൾപ്പെടെ ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.