സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനൊരുങ്ങി എയർ ഇന്ത്യ

Update: 2022-08-09 14:20 GMT

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽനിന്ന് കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഈമാസം 21ന് മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് 36.1 റിയാൽ മുതലുള്ള നിരക്കിൽ ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് പറക്കാം. ഈ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്. നിലവിൽ മസ്‌കത്തിൽനിന്ന് കണ്ണൂരിലേക്ക് മാത്രമാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.

കുറഞ്ഞ നിരക്കുകൾക്കൊപ്പം സൗജന്യ ബാഗേജ് പരിധി 30 കിലോയിൽ നിന്ന് 35 കിലോ ആയി ഉയർത്തിയിട്ടുമുണ്ട്. നേരിട്ടുള്ള യാത്രക്ക് മാത്രമാണ് ഓഫർ ലഭ്യമാകുക. മടക്കയാത്രക്കും ആകർഷകമായ ഓഫറുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ ഇന്ത്യ കണ്ണൂരിലേക്ക് നടത്തുന്നത്.

Advertising
Advertising

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4.30ന് മസ്‌കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.20ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽനിന്ന് രാത്രി 10.20ന് പുറപ്പെട്ട് ഒമാൻ സമയം 12.20 മസ്‌കത്തിൽ തിരികെയെത്തും. ബജറ്റ് വിമാനല്ലാത്ത എയർ ഇന്ത്യയുടെ സ്വതന്ത്ര്യദിന ഓഫറിന് പ്രവാസികൾക്കിടയിൽനിന്ന് നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൺ ഇന്ത്യ, വൺ ഫെയർ എന്ന പേരിൽ നടക്കുന്ന പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന് പുറമെ യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായുള്ള ഓഫർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ www.airindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News