40 കിലോമീറ്റർ യാത്രാദൂരം കുറയ്ക്കും; പുതിയ റഖ്‌യൂത്‌-ദൽകൂത് റോഡ് നിർമാണം ആരംഭിച്ചു

ദോഫാറിൽ തീരദേശത്തിലൂടെയാണ് 20 കിലോമീറ്റർ മൺപാത

Update: 2025-08-18 08:59 GMT

മസ്‌കത്ത്: ഒമാനിൽ ദോഫാർ ഗവർണറേറ്റിലെ പുതിയ തീരദേശ റോഡിന്റെ നിർമാണം ആരംഭിച്ചു. പുതിയ റഖ്‌യൂത്‌-ദൽകൂത് റോഡ് നിർമാണമാണ് ആരംഭിച്ചത്. റഖ്‌യൂത്‌, ദൽകൂത് വിലായത്തുകൾ തമ്മിലുള്ള ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുന്നതാണ് റോഡ്. 20 കിലോമീറ്റർ ദൈർഘ്യമുള്ള മൺപാത നിലവിൽ 60 കിലോമീറ്ററുള്ള റൂട്ട് ഏകദേശം 20 കിലോമീറ്ററായി കുറയ്ക്കുമെന്നും ദുർഘടമായ ജബൽ അൽ ഖമർ റേഞ്ചിലൂടെയുള്ള ഗതാഗതം എളുപ്പമാക്കുമെന്നും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വിവിധ വാഹനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി 12 മീറ്റർ വീതിയിൽ രൂപകൽപ്പന ചെയ്ത റോഡ് ഒരു പ്രാദേശിക കരാറുകാരനാണ് നിർമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് വിദൂര വിലായത്തുകൾ തമ്മിലുള്ള ബന്ധം ഇത് മെച്ചപ്പെടുത്തുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയും നിരവധി പ്രകൃതിദത്ത, പുരാവസ്തു സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിലൂടെ ടൂറിസത്തെ വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

Advertising
Advertising

നീരുറവകൾ, താഴ്വരകൾ, പുരാവസ്തു ലാൻഡ്മാർക്കുകൾ, ബീച്ചുകൾ എന്നിവക്കരികിലൂടെയാണ് ഈ പാത കടന്നുപോകുന്നതെന്നും ഇത് ഖരീഫ് സീസണിൽ വിനോദസഞ്ചാരം വർധിപ്പിക്കുമെന്നും ദോഫാറിലെ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ എഞ്ചിനീയർ സയീദ് ബിൻ മുഹമ്മദ് തബുക്ക് പറഞ്ഞു. ഈടുനിൽക്കുന്നതും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി ഭാവിയിലെ ടാറിംഗ് പദ്ധതികളിൽ റോഡ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി ഉടമകൾക്കും പ്രദേശവാസികൾക്കും പുതിയ പാത ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലടക്കം മത്സ്യത്തൊഴിലാളികൾക്ക് ദൽകൂത്ത് തുറമുഖത്തേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുകയും മുമ്പ് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള മേച്ചിൽപ്പുറങ്ങളിൽ എത്താൻ കന്നുകാലി ഇടയന്മാർക്ക് ഇത് സൗകര്യമൊരുക്കുകയും ചെയ്യും.

അറേബ്യൻ കടലിനരികിലൂടെ കടന്നുപോകുന്ന ഈ റോഡ് ഉൾക്കടലുകൾ, ഗുഹകൾ, ഐൻ ഖർഫൂത്ത്, ഐൻ ധിൽ, ഐൻ ഷിരാൻ തുടങ്ങിയ തീരദേശ പ്രകൃതിദൃശ്യങ്ങൾ എന്നിവയിലേക്ക് വഴിതുറക്കുന്നു. വൻ ജൈവവൈവിധ്യമുള്ള സംരക്ഷിത സ്ഥലമായ ഖൂർ ഖർഫൂത്ത് പുരാവസ്തു റിസർവിലേക്കും ഈ പാത വഴി തുറക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News