വരും ദിവസങ്ങളിൽ ദോഫാറിൽ മൂടൽമഞ്ഞിനും നേരിയ ചാറ്റൽ മഴക്കും സാധ്യത

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അൽ ഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യത

Update: 2025-06-26 17:26 GMT

മസ്‌കത്ത്: ഖരീഫിന്റെ കുളിരിനായി മഴ കാത്ത് കഴിയുകയാണ് ഒമാനിലെ ദോഫാർ ഗവർണറേറ്റ്. വരും ദിവസങ്ങളിൽ ദോഫാറിൽ മൂടൽമഞ്ഞിനും നേരിയ ചാറ്റൽ മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖദുരി പറഞ്ഞു. ഗവർണറേറ്റിലെത്തുന്ന സന്ദർശകർക്ക് ഉടൻ തന്നെ ദോഫാറിലെ പച്ചപ്പ് ആസ്വദിക്കാനാവുമെന്നും കഴിയുമെന്ന് അദേഹം കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ അതോറിറ്റി സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അൽ ഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

അതേസമയം, സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലത്തിന് ജൂൺ 21ന് ആണ് തുടക്കമായത്. ഖരീഫിന്റെ വരവറിയിച്ച് ജബൽ പ്രദേശങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ, സലാലയടക്കമുള്ള നഗരങ്ങളിൽ മഴ എത്തിനോക്കിയിട്ടില്ല, എന്നാൽ വരും ദിവസങ്ങളിൽ ഇവിടയും മഴ എത്തുമെന്നുള്ള പ്രവചനം താമസക്കാരും കച്ചവടക്കാരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

മഴ കനക്കുന്നതോടെ മലനിരകളും താഴ്‌വാരങ്ങളും പച്ച പുതക്കും. പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും. ഇതോടെ ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ദോഫാറിൽ എത്തും. രാജ്യത്തുനിന്നും പുറത്തുനിന്നുമായി ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഈ വർഷവും സാക്ഷ്യം വഹിക്കുക. ജിസിസി രാജ്യങ്ങളിൽനിന്നാകും ഇത്തവണയും കൂടുതൽ ആളുകൾ എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News