നാളെ മുതൽ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കും: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരമാലകൾ രണ്ടര മീറ്റർ ഉയരും

Update: 2024-12-17 15:45 GMT

മസ്‌കത്ത്: നാളെ മുതൽ രണ്ട് ദിവസങ്ങളിൽ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി പടിഞ്ഞാറൻ മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും അറബിക്കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ടര മീറ്റർ ഉയരത്തിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്.

ഡിസംബർ 18 മുതൽ 20 വരെ എല്ലാ ഗവർണറേറ്റിലും വടക്ക് പടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇതിനെതുടർന്ന് കടൽ തിരമാലകൾ രണ്ടര മീറ്റർ ഉയരത്തിലെത്തുമെന്നും പ്രവചനമുണ്ട്. മുസന്ദം തീരത്ത് ഇത് കൂടുതൽ അനുഭവപ്പെടുമെന്നുമാണ് പ്രവചനം. കാറ്റിന്റെ സാന്നിധ്യമുള്ള ഇടങ്ങളിൽ മരുഭൂമിയിലും മറ്റു തുറസ്സായ ഇടങ്ങളിലും അന്തരീക്ഷത്തിൽ നല്ലതുപോലെ പൊടി അനുഭവപ്പെട്ടേക്കാം. ഇത് ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ട്രാഫിക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Advertising
Advertising

അതേസമയം, മസ്‌കത്ത് ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ നിലവിലുള്ളതിനേക്കാൾ താപനിലയിൽ ഗണ്യമായ കുറവും അനുഭവപ്പെടും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും താഴ്ന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവർണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. മസ്‌യൂന 7.0 ഡിഗ്രിയും, മുഖ്ശിൻ 8.3 ഡിഗ്രിയും തുംറൈത്ത് 9.1 ഡിഗ്രിയുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങൾ. സീബിലും അമീറാത്തിലും ബൗഷറിലും ഇന്ന് 22 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ദോഫാർ ഗവർണറേറ്റിൽ വരും ദിവസങ്ങളിൽ താപനില കുറയും. ഒമാൻ കടലിന്റെയും അൽ വുസ്ത ഗവർണറേറ്റിന്റെയും തീരപ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. മിക്ക ഗവർണറേറ്റുകളിലും മൂടൽമഞ്ഞും അനുഭവപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News