77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് മസ്കത്തിലെ ഇന്ത്യൻ എംബസി
ചടങ്ങിൽ ഭാഗമായി INSV കൗണ്ടിന്യയുടെ കമാൻഡർമാർ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സമൂഹാംഗങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് മസ്കത്തിലെ ഇന്ത്യൻ എംബസി. എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ ചാർജ് ഡി അഫയേഴ്സ് , തവിഷി ബെഹൽ പാണ്ഡെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശീയ ഗാനം ആലപിച്ചു.
പോർബന്ദറിൽ നിന്ന് മസ്കത്തിലേക്കുള്ള ചരിത്രപരമായ സമുദ്ര യാത്ര പൂർത്തിയാക്കിയ INSV കൗണ്ടിന്യയുടെ കമാൻഡർ ഹേമന്ത്, കമാൻഡർ വികാസ് ഷിയോരാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലും വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ചു.