കഴിഞ്ഞവർഷം ഒമാൻ കസ്റ്റംസ് തടഞ്ഞത് 1000-ലധികം കള്ളക്കടത്തുകൾ
2024നെ അപേക്ഷിച്ച് 10% വർധന
മസ്കത്ത്: കഴിഞ്ഞ വർഷം ഒമാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ 1000-ലധികം കള്ളക്കടത്തുകൾ തടഞ്ഞു. 2024നെ അപേക്ഷിച്ച് 10% വർധനവാണിത്. 12.9 ലക്ഷം കസ്റ്റംസ് ഡിക്ലറേഷനുകളും പ്രോസസ് ചെയ്തു. പരമ്പരാഗത നിയന്ത്രണ സംവിധാനത്തിൽ നിന്ന് ഹൈടെക് ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് അതോറിറ്റി മാറിയെന്ന് കസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സെയ്ദ് ബിൻ ഖാമിസ് അൽ ഗൈതി പറഞ്ഞു. നോൺ-ഓയിൽ കയറ്റുമതിയിൽ 1% വർധനവും ഇറക്കുമതിയിൽ 13% വർധനവും രേഖപ്പെടുത്തി.
ബയാൻ പ്ലാറ്റ്ഫോം വഴി എഐ അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ അതിർത്തി എത്തുന്നതിന് മുമ്പ് തന്നെ ഉയർന്ന റിസ്കുള്ള ഷിപ്പ്മെന്റുകൾ കണ്ടെത്താനാവും. കൂടാതെ വ്യാപാര വളർച്ചയ്ക്ക് സഹായകമായി കസ്റ്റംസ് നടപടികൾ ലളിതമാക്കി. കഴിഞ്ഞ വർഷത്തിൽ ചരക്ക് ക്ലിയറൻസ് സമയം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. ലാന്റ് പോർട്ടുകളിൽ 1 മിനിറ്റ് 36 സെക്കന്റ്, സീ പോർട്ടുകളിൽ1 മിനിറ്റ് 25 സെക്കന്റ്, വിമാനത്താവളങ്ങളിൽ1 മിനിറ്റ് 55 സെക്കന്റ് എന്നിങ്ങനെ രേഖപ്പെടുത്തി.