ഖരീഫ് സീസണ്‍; സലാലയിൽ 2,679 വിമാനങ്ങൾ പറന്നിറങ്ങും

Update: 2023-06-09 10:25 GMT
Advertising

ഈ വർഷത്തെ ഖരീഫ് സീസണിൽ 2,679 ൈഫ്ലറ്റുകളാണ് സലാലയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ജൂൺ 21മുതൽ സെപ്റ്റംബർ 21വരെയുള്ള സീസണ്‍ കാലയളവിലാണ് സലാല എയർപോർട്ടിൽ ഇത്രയും വിമാനങ്ങൾ എത്തുക.

ഇതിൽ 1,456 ആഭ്യന്തര വിമാനങ്ങളും 1,223 അന്താരാഷ്ട്ര വിമാനങ്ങളും ഉൾപ്പെടും. മസ്കത്ത് അന്താരഷ്ട്ര വിമാനത്താളവളത്തിന് നൽകുന്നതുപോലെ സലാല എയർപോർട്ടിന് ഇന്ധന വിലയിൽ നേരിട്ട് സബ്‌സിഡി നൽകണമെന്ന് കഴിഞ്ഞ മന്ത്രി സഭ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദ്ദേശിച്ചിരിന്നു.

ഇത് ദോഫാർ ഗവർണറേറ്റിലെ യാത്രയും വിനോദസഞ്ചാരവും പുനരുജ്ജീവിപ്പിക്കാനുള്ള സുൽത്താന്‍റെ തീക്ഷ്ണതയെ ആണ് സൂചിപ്പിക്കുന്നതെന്ന് ഒമാൻ എയർപോർട്ട് കമ്പനി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എൻജിനിയർ സക്കരിയ ബിൻ യഅ്ക്കൂബ് അൽ ഹറാസി പറഞ്ഞു.

സുൽത്താന്‍റെ നിർദ്ദേശത്തോടെ സലാലയിലേക്കുള്ള വിമാന ഗതാഗതം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓപറേറ്റർമാർക്ക് പുറമെ മറ്റ് എയർലൈനുകളും സർവിസ് കൂട്ടാൻ സാധ്യതയുണ്ട്.

ഈ വർഷത്തെ സീസണിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് സലാല വിമാനത്താവളം ഒരുങ്ങുന്നുണ്ടെന്ന് അൽ ഹരാസി ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽനിന്നും നഗരങ്ങളിൽ നിന്നുമായി 1077 വിമാനങ്ങൾ നേരിട്ട് സലാലയിലെത്തു.

അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് സലാലയിലേക്ക് 536 വിമാനങ്ങളാണ് സർവിസ് നടത്തുക. ഇതിൽ അബൂദബിയിൽനിന്ന് വിസ് എയർ 87, എയർ അറേബ്യ 93, ഷാർജയിൽനിന്ന് 175, ദുബൈ വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബൈ 181 വിമാനങ്ങളും സലാലയിലേക്ക് പറക്കും.

സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം, ബുറൈദ എന്നിവിടങ്ങളിൽനിന്ന് സൗദി ഫ്ലൈനാസ് 188 വിമാനങ്ങൾ, ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേയ്‌സ് 270 വിമാനങ്ങൾ, കുവൈത്തിലെ കുവൈത്ത് എയർപോർട്ടിൽനിന്ന് കുവൈത്ത് ജസീറ എയർവേയ്‌സ് 57, കുവൈത്ത് എയർവേയ്‌സ് 26 വിമാനങ്ങളും സലാലയിലേക്ക് സർവിസ് നടത്തും.

ഇതിന് പുറമെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 40, പാകിസ്ഥാൻ എയറിന്റെ 54 വിമാനങ്ങളും സലാലക്ക് ലഭിക്കും. ദേശീയ വിമാന കമ്പനിയായ ‘ഒമാൻ എയർ, ബജറ്റ് വിമാനമായ സലാം എയറും സലാലയിലേക്ക് സർവിസ് നത്തുന്നുണ്ടെന്ന് സലാല എയർപോർട്ടിലെ ഒമാൻ എയർപോർട്ട് കമ്പനി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പറഞ്ഞു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News