പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമാനിൽ
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് എത്തുന്നത്
Update: 2025-12-17 11:55 GMT
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമാനിലെത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് എത്തുന്നത്. മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാനും എത്യോപ്യയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. എത്യോപ്യയിൽ നിന്നാണ് പ്രധാനമന്ത്രി ഒമാനിലെത്തുക. ഡിസംബർ 18 വരെയാണ് ഒമാനിലെ സന്ദർശനം. പ്രധാനമന്ത്രി മോദിയുടെ ഒമാനിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം പൂർത്തിയായ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഒമാൻ സുൽത്താനുമായി ചർച്ച ചെയ്യും. അതോടൊപ്പം, രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.