മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് സലാലയിൽ നിര്യാതയായി

കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാറാണ് നിര്യാതയായത്

Update: 2025-05-25 10:15 GMT

സലാല: ഒമാൻ സലാലയിലെ മസ്‌യൂനയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് നിര്യാതയായി. മാൻഹോളിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാറാ (34)ണ് നിര്യാതയായത്. ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്ന ഇവർ അപകടത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മേയ് 15നാണ് ജോലി ചെയ്തിരുന്ന മസ്യൂനയിൽ വെച്ച് അപകടത്തിൽ പെട്ടത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ അറിയാതെ മാൻഹോളിൽ വീഴുകയായിരുന്നു. അന്ന് മുതൽ വെന്റിലേറ്ററിലാണ്.

വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും സഹോദരൻ അനൂപും സലാലയിലെത്തിയിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ. സനാതനൻ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News