ഐ.ഒ.സി സലാലയിൽ സംഘടിപ്പിച്ച മാനവീയം 25 ശ്രദ്ധേയമായി
ഉമ്മൻ ചാണ്ടി സേവന പുരസ്‌കാരം ഷബീർ കാലടിക്ക് സമ്മാനിച്ചു
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല, മ്യൂസിയം ഹാളിൽ മാനവീയം 2025 എന്ന പേരിൽ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ വിത്തുകൾ പാകി മനുഷ്യരെ തമ്മിലടിപ്പിക്കുന്നവർക്കെതിരെ മനുഷ്യ സ്‌നേഹത്തിന്റെ മാനവീയങ്ങൾ കൊണ്ട് പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കേരളത്തിലെ ക്രമസമാധാനം അപകടത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സേവന പുരസ്‌കാരം കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടിക്ക് ഡോ. മറിയ ഉമ്മൻ സമ്മാനിച്ചു. പ്രവാസികളുടെ പ്രയാസങ്ങളിൽ എന്നും വ്യാകുലപ്പെടുന്നവൻ ആയിരുന്നു ഉമ്മൻചാണ്ടി എന്ന് മറിയാ ഉമ്മൻ പറഞ്ഞു. മൃഗീയമായ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോഴും ഏറ്റവും മാന്യമായ രീതിയിൽ അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എന്നും അവർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വീഡിയോ സന്ദേശത്തിലൂടെ സദസ്സുമായി സംവദിച്ചു. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ, വടകര നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കോട്ടയിൽ രാധാകൃഷ്ണൻ, ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.
സലാലയിലെ കലാപ്രവർത്തകർ അണിയിച്ചൊരുക്കിയ മനോഹരമായ നൃത്ത സംഗീത വിരുന്ന് വേറിട്ട അനുഭവമായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫിറോസ് റഹ്‌മാൻ സ്വാഗതവും ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.