പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കി ഒമാനും പാകിസ്താനും
സമുദ്ര സുരക്ഷയ്ക്കായി പുതിയ കരാർ
മസ്‌കത്ത്: ഒമാനും പാകിസ്താനും തമ്മിലുള്ള സൈനിക പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നു. ബുധനാഴ്ച ഇസ്ലാമാബാദിലെ ജോയിന്റ് സ്റ്റാഫ് ആസ്ഥാനത്ത് നടന്ന ഒമാൻ-പാകിസ്ഥാൻ ജോയിന്റ് പ്രോഗ്രാം ഗ്രൂപ്പിന്റെ 22ാമത് യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തിന് ധാരണയായത്. ഒമാൻ റോയൽ നേവി കമാൻഡർ സെയ്ഫ് ബിൻ നാസർ അൽ റഹ്ബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്താൻ സൈനിക മേധാവി ഇമ്രാൻ ഖാൻ ബാബറുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക സുരക്ഷയും സൈനിക സഹകരണവും പ്രധാന വിഷയങ്ങളായി. പ്രതിരോധ ചർച്ചകൾക്ക് പിന്നാലെ സമുദ്രസുരക്ഷാ മേഖലയിൽ പുതിയൊരു ചരിത്ര കരാറിനും ഇരുരാജ്യങ്ങളും തുടക്കമിട്ടു. ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെന്ററും പാകിസ്താൻ ജോയിന്റ് മാരിടൈം ഇൻഫർമേഷൻ ആൻഡ് കോർഡിനേഷൻ സെന്ററും തമ്മിലാണ് സുപ്രധാനമായ ധാരണാപത്രം ഒപ്പിട്ടത്. മേഖലയിലെ സമുദ്രവ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത നിരീക്ഷണങ്ങൾ ശക്തമാക്കുന്നതിനും ഈ പുതിയ ഉടമ്പടി വലിയ കരുത്താകും.