ഒമാനിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാൻ പദ്ധതിയുമായി ഉപഭോക്തൃ സംരക്ഷണ സമിതി
പദ്ധതിയുടെ ഭാഗമായി ദേശീയ സ്ഥിത വിവര കേന്ദ്രവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടും. പൗരന്മാരെയും താമസക്കാരുമുൾപ്പെടെ 2,500 ആളുകളിൽനിന്ന് ഫോൺ മുഖേന ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക.
മസ്‌കത്ത്: ഒമാനിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാൻ പദ്ധതിയുമായി ഉപഭോക്തൃ സംരക്ഷണ സമിതി. 'ഒമാനിലെ ഉപഭോക്തൃ ശാക്തീകരണത്തിന്റെ സൂചകങ്ങൾ' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഉപഭോഗ രീതികൾ, ഉപഭോക്തൃ ഇടപെടലിന്റെ അളവ്, ഉപഭോക്താക്കൾ എത്രത്തോളം അനുഭവങ്ങൾ പങ്കിടുന്നു തുടങ്ങിയ കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി പര്യവേക്ഷണം ചെയ്യും.
പദ്ധതിയുടെ ഭാഗമായി ദേശീയ സ്ഥിത വിവര കേന്ദ്രവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടും. പൗരന്മാരെയും താമസക്കാരുമുൾപ്പെടെ 2,500 ആളുകളിൽനിന്ന് ഫോൺ മുഖേന ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക. ഒമാന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള 18 വയസിന് മുകളിലുള്ള ആളുകളെയായിരിക്കും ഇതിലേക്ക് പരിഗണിക്കുക. സാമ്പത്തിക വികസനത്തിന്റെ മുന്നേറ്റം മുന്നോട്ട് കൊണ്ടുപോകുക, നെഗറ്റീവ് മാർക്കറ്റ് രീതികൾ ഇല്ലാതാക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഭരണപരമായ നിയമനിർമാണങ്ങൾ പുതുക്കുക, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ പദ്ധതിയിലൂടെ കൈവരിക്കാനാകുമെന്നാണ് കരുതുന്നത്.