ഒമാനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരും ഗവർണർമാരും അധികാരമേറ്റു
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒമാനിലെ മൂന്നുമന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ച് സുൽത്താൻ ഹൈതംബിൻ താരിക് ഉത്തരവിറക്കിയത്.
മസ്‌കറ്റ്: ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻരിതാരിക്കിൻറെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒമാനിലെ മൂന്നുമന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ച് സുൽത്താൻ ഹൈതംബിൻ താരിക് ഉത്തരവിറക്കിയത്.
ഒമാനിലെ അൽ ബറക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ-സബ്തി, ഔഖാഫ്-മതകാര്യ മന്ത്രി മുഹമ്മദ് അൽ മമാരി, ഊർജ, ധാതു മന്ത്രി സലിം അൽ ഔഫി, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി, സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കൺട്രോൾ അതോറിറ്റി മേധാവി ശൈഖ് ഘോസ്ൻ ബിൻ ഹിലാൽ ബിൻ ഖലീഫ അൽ അലവി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആരോഗ്യമന്ത്രി അൽ സബ്തി പ്രശസ്ത കാർഡിയോ സർജനാണ്. നിലവിൽ ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്. ഊർജമന്ത്രി സലിം അൽ ഔഫി നേരത്തെ മന്ത്രാലയത്തിൽ അണ്ടർസെക്രട്ടറിയായിരുന്നു.അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമിയെ മാറ്റിയാണ് ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചിരിക്കുന്നത്. മതകാര്യമന്ത്രാലയം അണ്ടർസെക്രട്ടറിയായിരുന്നു അൽ മമാരി.