ലോകത്തിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഒമാനും

പട്ടികയിൽ ഒമാനിലെ ബിദിയ ആറാമതും മുദൈബി ഒമ്പതാമതും

Update: 2025-06-02 16:13 GMT

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഒമാനും. ആഗോള കാലാവസ്ഥ നിരീക്ഷണ പ്ലാറ്റ്ഫോമായ എൽഡൊറാഡോ വെതറിന്റെ കണക്കുകൾ പ്രകാരം 46.3 ഡിഗ്രി സെൽഷ്യസുമായി ഒമാനിലെ ബിദിയ പട്ടികയിൽ ആറാമതാണ്. 45.9 ഡിഗ്രി സെൽഷ്യസുമായി ഒമാനിലെ തന്നെ മുദൈബി ഒമ്പതാം സ്ഥാനത്തുണ്ട്.

ഏറ്റവും ചൂടേറിയ പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ 47.4 ഡിഗ്രി സെൽഷ്യസുമായി ഇറാനിലെ ബന്ദറെ ദയ്യാർ ആണ് ഒന്നാമത്. 47 ഡിഗ്രി സെൽഷ്യസുമായി പാകിസ്താൻ നഗരങ്ങളായ ജേക്കബാബാദ്, സിബി എന്നിവ തൊട്ടുപിന്നിലുണ്ട്. ലോകത്തിലെ ഏറ്റവും ചൂടേറിയ 15 സ്ഥലങ്ങളിൽ 11 എണ്ണവും മിഡിൽ ഈസ്റ്റും ദക്ഷിണേഷ്യയുമാണ്. അറേബ്യൻ ഉപദ്വീപിലും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിലും നിലവിൽ നിലനിൽക്കുന്ന തീവ്രമായ ഉഷ്ണതരംഗത്തിന്റെ ഭാഗമായാണ് ഈ ഉയർന്ന താപനിലയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Advertising
Advertising

അതേസമയം, ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ച വിശ്രമ നിയമം ഒമാനിൽ ഞായറാഴ് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുതൽ 3.30വരെയുള്ള സമയങ്ങളിൽ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും വിശ്രമം നൽകണം. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News