Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിലെ കാലാവസ്ഥാ വ്യതിയാന സാഹചര്യം ചൂഷണം ചെയ്തുള്ള കൃത്രിമ വിലക്കയറ്റം തടയാൻ പരിശോധനാ കാമ്പയിനുകൾ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വിപണി സ്ഥിരത ഉറപ്പാക്കുന്നതിനും വിലനിർണ്ണയ, വിതരണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധന.
വിവിധ ഗവർണറേറ്റുകളിലുടനീളം വിതരണക്കാർ അംഗീകൃത വിലകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മോണിറ്ററിംഗ് ടീമുകൾ ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്. മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും അവശ്യവസ്തുക്കളുടെ ലഭ്യതയും പരിശോധിക്കുന്നുണ്ട്. അന്യായമായ വിലവർധനവിലൂടെ സമീപകാല കാലാവസ്ഥാ സാഹചര്യത്തെ ചൂഷണം ചെയ്യുന്നത് തടയുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഎ പറയുന്നു.
ആവശ്യകത വർധിച്ച പ്രദേശങ്ങളിൽ വിപണിയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും അതോറിറ്റി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സിപിഎ ചൂണ്ടിക്കാട്ടി. വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഓർമിപ്പിക്കുന്നുണ്ട്. നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഉപഭോക്താക്കൾ കാണിക്കുന്ന അവബോധത്തിനും സഹകരണത്തിനും സിപിഎ നന്ദി പറഞ്ഞു.