മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ഒമാനിൽ ഇടിമിന്നലോടുകൂടിയ മഴക്കും മിന്നൽ പ്രളയത്തിനും സാധ്യത
ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ ന്യൂനമർദ്ദം ബാധിക്കും
മസ്‌കത്ത്: മാർച്ച് 31 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 2 വ്യാഴാഴ്ച വരെ പ്രതീക്ഷിക്കുന്ന കാലാവസ്ഥാ റിപ്പോർട്ട് പുറത്തുവിട്ട് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ഗവർണറേറ്റുകളിൽ മഴ, ഇടിമിന്നൽ, മിന്നൽ പ്രളയം എന്നിവക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ)യുടെ കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്ററാണ് മുന്നറിയിപ്പ് നൽകിയത്. റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ ന്യൂനമർദ്ദം സുൽത്താനേറ്റിനെ ബാധിക്കും, ഇത് വ്യത്യസ്ത തീവ്രതയിലുള്ള മഴക്ക് കാരണമാകും. സജീവമായ കാറ്റുമുണ്ടാകും. ചിലപ്പോൾ ഇടിമിന്നലുമുണ്ടായേക്കും. ഇവ ദൂരക്കാഴ്ച കുറയാനും വാദികളിലും താഴ്വരകളിലും മിന്നൽ പ്രളയത്തിനും കാരണമായേക്കാം.
മാർച്ച് 31 ചൊവ്വാഴ്ച:
മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് ബാത്തിന, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മേഘങ്ങൾ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിയതോ മിതമായതോ ആയ മഴ ഉണ്ടായേക്കും. മിന്നൽ പ്രളയത്തിന് ചെറിയ സാധ്യതയുണ്ട്. 10-20 നോട്ട് വേഗതയിൽ കാറ്റ് പ്രതീക്ഷിക്കുന്നു.
ഏപ്രിൽ 1 ബുധനാഴ്ച മുതൽ 2 വ്യാഴാഴ്ച രാവിലെ വരെ:
മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് -സൗത്ത് ബാത്തിനകൾ, മസ്‌കത്ത്, ദാഖിലിയ, നോർത്ത് -സൗത്ത് ഷർഖിയകൾ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ (ബുധനാഴ്ച വൈകുന്നേരം മുതൽ) മേഘാവൃത അന്തരീക്ഷമുണ്ടാകും. മഴയുടെ തീവ്രത വ്യത്യാസപ്പെടാം, ഇടിമിന്നലോടുകൂടിയാതാകാം. വാദികളിലും താഴ്വരകളിലും മിന്നൽ പ്രളയം സൂക്ഷിക്കണം. സജീവമായ കാറ്റ് 15-30 നോട്ട് (27-55 കി.മീ/മണിക്കൂർ) വരെ എത്തും.
കടൽ സാഹചര്യങ്ങൾ:
മിക്ക തീരങ്ങളിലും കടൽ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും, 23 മീറ്റർ വരെ തിരമാലകൾ ഉയരും. ഇടിമിന്നലുള്ള സമയത്ത് കടലിലെ ജോലികളും മറ്റും ഒഴിവാക്കണമെന്നാണ് സിഎഎ നിർദേശം.
മഴയും മിന്നൽ പ്രളയവും ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കണമെന്നും യാത്ര ചെയ്യുന്നതിന് മുമ്പ് കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ കാലാവസ്ഥാ വെബ്സൈറ്റിൽ നിന്നുള്ള (https://met.caa.gov.om) ഔദ്യോഗിക ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.