അസ്ഥിര കാലാവസ്ഥ; റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നടത്തിയെന്ന് ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി
നാളെ വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിൽ അസ്ഥിര കാലാവസ്ഥയെ തുടർന്നുണ്ടായ മിന്നൽ മഴയിലും പ്രളയത്തിലും റിപ്പോർട്ട് ചെയ്ത അപകടങ്ങളിലെല്ലാം അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നടത്തിയെന്ന് ദേശീയ ദുരന്ത നിവാരണ സമിതി, റിപ്പോർട്ട് ചെയ്തത 269 ഓളം അപകടങ്ങളിൽ നിന്ന് 504 പേരെ സുരക്ഷിതമായി മാറ്റിയെന്നും ദുരന്ത നിവാരണ സമിതി പറഞ്ഞു. നാളെ വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനമുണ്ടാകുമെന്ന് നാഷനൽ മൾട്ടി ഹസാർഡ് എർലി വാർണിങ് സെന്റർ അറിയിച്ചു
വിവിധ ഗവർണറേറ്റുകളിലായി 269 ഓളം അപകട റിപ്പോർട്ട് ചെയ്തതിൽ 504 പേരെ സുരക്ഷിതമായി മാറ്റിയെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയുടെ റിപ്പോർട്ട്. മിന്നൽ പ്രളയത്തിലും വാദികളിലും അകപ്പെട്ട് മൂന്ന് മലയാളി ഉൾപ്പെടെ 12 പേർക്ക് ജീവൻ നഷ്ടമായി. റോയൽ ഒമാൻ പോലീസ് എയർ വിംഗും റോയൽ എയർഫോഴ്‌സും ചേർന്ന് 64-ഓളം വ്യോമ ദൗത്യങ്ങൾ നടത്തി. കുടുങ്ങിക്കിടന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും ഇത് സഹായകമായി. വിവിധ ഗവർണറേറ്റുകളിലുടനീളം 215 ഷെൽട്ടർ സെന്ററുകളാണ് ഒരുക്കിയത്, ഇതിൽ 64 കേന്ദ്രങ്ങൾ പൂർണ്ണ സജ്ജമായിരുന്നു. ആകെ 539 പേർക്ക് ഷെൽട്ടർ സേവനങ്ങൾ പ്രയോജനപ്പെട്ടു. സൂറിലെയും ജഅലാൻ ബനി ബു അലിയിലെയും അണക്കെട്ടുകൾ 60 ശതമാനത്തിലധികം നിറഞ്ഞതിനെത്തുടർന്ന് അധിക ജലം നിയന്ത്രിതമായി പുറത്തേക്ക് വിട്ടു.
അതേമസമയം നാളെ വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനമുണ്ടാകുമെന്ന് നാഷനൽ മൾട്ടി ഹസാർഡ് എർലി വാർണിങ് സെന്റർ അറിയിച്ചു. വിവിധ തീവ്രതയിലുള്ള മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഭാഗികമായ മഴയ്ക്കും ഇടയ്ക്കിടെ ഇടിമിന്നലിനും സാധ്യതയുണ്ട്. മഴയുടെ തീവ്രത കുറവായിരിക്കും. വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഒമാൻ പോലീസ് അറിയിച്ചു.