ഒമാനിലെ വ്യക്തിഗത ആദായ നികുതി 11 വിഭാഗങ്ങളിൽ നിന്ന് ഈടാക്കും; 2028 ജനുവരി മുതൽ പ്രാബല്യത്തിൽ
42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ നിന്ന് 5 ശതമാനമാണ് നികുതി ഈടാക്കുക
മസ്‌കത്ത്: ഒമാനിൽ വ്യക്തിഗത ആദായ നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. 2028 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി ചട്ടക്കൂട് പ്രകാരം, വാർഷിക വരുമാനം 42,000 റിയാലിൽ കൂടുതലുള്ളവരിൽ നിന്ന് അഞ്ച് ശതമാനം നികുതി ഈടാക്കും. പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്ന 11 വിഭാഗങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു.
പുതിയ നികുതി നിയമത്തിന് കീഴിൽ വരുന്ന പ്രധാന വരുമാന സ്രോതസ്സുകൾ ഇവയാണ്:
1. ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളവും അനുബന്ധ ആനുകൂല്യങ്ങളും.
2. തൊഴിലുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉണ്ടാകുന്ന വരുമാന നഷ്ടത്തിന് ലഭിക്കുന്ന നഷ്ടപരിഹാര തുക.
3. സ്വന്തമായി ജോലി ചെയ്യുന്നവരുടെയും ഫ്രീലാൻസ് പ്രൊഫഷണലുകളുടെയും വരുമാനം.
4. ബൗദ്ധിക സ്വത്ത്, സാങ്കേതിക വസ്തുക്കൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിലൂടെയുള്ള വരുമാനം
5. ബാങ്ക് നിക്ഷേപങ്ങൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, വായ്പകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്നുള്ള വരുമാനം
6. റിയൽ എസ്റ്റേറ്റ്, ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റ് ആസ്തികൾ വാടകയ്ക്ക് നൽകുന്നതിലൂടെയുള്ള വരുമാനം
7. ഷെയറുകൾ, ബോണ്ടുകൾ, സുകൂക്ക് എന്നീ സാമ്പത്തിക വിതരണത്തിൽ നിന്നുള്ള ലാഭം
8. വസ്തുക്കൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം
9. തൊഴിലുമായി ബന്ധപ്പെട്ടതല്ലാത്ത ഗ്രാന്റുകളും സംഭാവനകളും
10. സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ, മുനിസിപ്പൽ കൗൺസിലുകൾ, ബോർഡുകൾ എന്നിവയിൽ ഉൾപ്പെടെ സേവനമനുഷ്ഠിക്കുന്നവർക്കുള്ള പേയ്മെന്റുകൾ, വിരമിക്കൽ പെൻഷനുകളും സേവനാവസാന ആനുകൂല്യങ്ങളും
11. ലൈസൻസുള്ള മത്സരങ്ങൾ, നറുക്കെടുപ്പുകൾ, അല്ലെങ്കിൽ പ്രൊമോഷനുകൾ എന്നിവയിൽ നിന്നുള്ള പണം
അതേസമയം, പുതിയ നിയമം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ ചെലവുകൾ, ഭവന വായ്പകൾ, ചില സംഭാവനകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും കിഴിവുകളും നൽകുന്നുണ്ട്. ഇത് നികുതിദായകർക്ക് ഒരു പരിധി വരെ ആശ്വാസമാകും.