'വീഡിയോ കോളിലെ വ്യാജന്മാരെ സൂക്ഷിച്ചോ...'; ആള്‍മാറാട്ട തട്ടിപ്പിനെതിരെ റോയല്‍ ഒമാന്‍ പൊലീസ്
'വിളിക്കുന്നയാളുടെ ഐഡന്റിറ്റി ഉറപ്പിക്കാതെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടരുത്'
മസ്‌കത്ത്: വീഡിയോ കോളിലൂടെയുള്ള ആള്‍മാറാട്ട തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. വിളിക്കുന്നയാളുടെ ഐഡന്റിറ്റി, ഔദ്യോഗിക ചാനലുകള്‍ വഴി പരിശോധിച്ചുറപ്പിക്കാത്ത പക്ഷം, വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ROP) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പൊലീസ് ഉദ്യോഗസ്ഥരെയും ഗവണ്‍മെന്റ് ജീവനക്കാരെയും അനുകരിച്ച് പലരും വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പ് നടത്തുന്നതായി ഒമാന്‍ പൊലീസ് പറയുന്നു. വ്യാജ ഉപയോക്തൃനാമങ്ങള്‍, വ്യാജ ഇമെയില്‍ വിലാസങ്ങള്‍ (omanroyalpolice087@gmail.com പോലുള്ളവ), ഔദ്യോഗിക യൂണിഫോമുകളുടെയോ ഐഡി കാര്‍ഡുകളുടെയോ മാറ്റം വരുത്തിയ ചിത്രങ്ങള്‍ വരെ ഉപയോഗിച്ച് തട്ടിപ്പുകാര്‍ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പ് നടത്തുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചോ ഇല്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തിയോയാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. ബാങ്ക് വിവരങ്ങള്‍, ഐഡി നമ്പറുകള്‍ അല്ലെങ്കില്‍ ആക്‌സസ് കോഡുകള്‍ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കുകയാണ് ലക്ഷ്യം.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ആവശ്യപ്പെടുന്ന വീഡിയോ കോളുകളും ആശയവിനിമയങ്ങളും സൂക്ഷിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.