റമദാൻ: പൗരൻമാർക്കും താമസക്കാർക്കും നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്

പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം

Update: 2025-03-01 17:29 GMT

മസ്‌കത്ത്: റമദാൻ മാസമായതോടെ പൗരൻമാർക്കും താമസക്കാർക്കും നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. വാഹനമോടിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

റമദാനിലെ ട്രാഫിക് അപകടങ്ങൾ ശരാശരി ഇതര മാസങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. ഇത് കണക്കിലെടുത്താണ് റോയൽ ഒമാൻ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. റമദാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ വലിയൊരു ശതമാനവും വാഹനമോടിക്കുന്നതിലെ ശ്രദ്ധക്കുറവും ക്ഷീണവും ഉറക്കക്കുറവും കാരണമാണ് സംഭവിക്കുന്നത്. യാത്രയിൽ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വാഹനം നിർത്തി മതിയായ വിശ്രമം എടുക്കണമെന്നും ആർ ഒ പി നിർദേശിക്കുന്നു. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ 'ഫ്‌ളക്‌സിബിൾ' സംവിധാനം അനുസരിച്ച് വ്യത്യസ്ത ജോലി സമയങ്ങൾ പാലിക്കാനും നിർദേശമുണ്ട്.

അതേസമയം പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനമുണ്ട്. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ 9.30വരെയും ഉച്ചക്ക് 12മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി പത്തുവരെയുമാണ് നിരോധനം. മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്‌കത്ത് മുതൽ - ബിദ്ബിദ് പാലംവരെ, ബാത്തിന ഹൈവേ മസ്‌കത്ത് മുതൽ - ഷിനാസ് വരെ)എന്നീ പാതകളിലാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News