സർഗവേദി നാടകോത്സവം: നവീൻ രാജ് മികച്ച സംവിധായകൻ, പ്രശാന്ത് നമ്പ്യാർ നടൻ, രജിഷ ബാബു മികച്ച നടി
ഒന്നാം സമ്മാനം നേടിയത് കെ.എസ്.കെ സലാലയുടെ 'കർക്കിടകം' എന്ന നാടകം
സലാല: സർഗവേദി സലാലയിൽ സംഘടിപ്പിച്ച നാടകോത്സവം പ്രതിഭാധനരുടെ മത്സരിച്ചുള്ള അഭിനയത്തിന്റെ അരങ്ങായിമാറി. അവതരിപ്പിച്ച ഏഴ് നാടകങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വളർച്ചയാണ് കൈവരിച്ചതെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കെ.എസ്.കെ സലാലയുടെ കർക്കിടകം എന്ന നാടകമായിരുന്നു ഒന്നാം സമ്മാനം നേടിയത്. ഇത് സംവിധാനം ചെയ്ത നവീൻ രാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. നൂറുകണക്കിന് നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് നവീൻ രാജ്. മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. കർക്കിടകം സംവിധാനം ചെയ്യുന്നതിനായി ഇദ്ദേഹത്തെ നാട്ടിൽ നിന്ന് കൊണ്ടുവരികയായിരുന്നു.
ഇതേ നാടകത്തിൽ അഭിനയിച്ച പ്രശാന്ത് നമ്പ്യാർ മികച്ച നടനും രജിഷ ബാബു മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശാന്ത് നേരത്തെയും സലാലയിലെ വിവിധ നാടകങ്ങളിലെ അഭിനയ മികവിന് സമ്മാനം നേടിയിട്ടുള്ളയാളാണ് . രജീഷ ഇന്ത്യൻ സ്‌കൂൽ അധ്യാപികയും കലാകാരിയുമാണ്.
ശ്രീജിത്ത് ചന്തേര മികച്ച രണ്ടാമത്തെ നടനായും സരിത ജയൻ, രശ്മി പ്രശാന്തും മികച്ച സഹനടിയായും അബ്ദുൽ അസീസ് മികച്ച ബാലതാരമായും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് രംഗസജ്ജീകരണത്തിലും വലിയ നിലവാരമാണ് ഓരോ നാടകങ്ങളുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
മന്നം കലാ സാംസ്‌കാരിക വേദിയുടെ (നവമാധ്യമ നാകടം)ത്തിലെ കഥാ പാത്രങ്ങളെല്ലാം ഹയർ സെക്കന്ററി വിദ്യാർഥികളായിരുന്നു. മനോഹരമായിരുന്നു അവരുടെ അവതരണം. പുതു സമൂഹം നേരിടുന്ന സാമൂഹിക വിപത്തുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു, ആ തലമുറ തന്നെ അവതരിപ്പിച്ച നാടകം പറഞ്ഞത്. നാടകം എന്ന കല പുതുതലമുറയും ഏറ്റെടുക്കുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു അതിലെ കഥാപാത്രങ്ങളും അവതരണവും.
പ്രവാസി വെൽഫയർ അവതരിപ്പിച്ച മരണ വ്യാപാരികൾ, നിലവിലെ സാമൂഹിക പശ്ചാത്തലത്തെ വരച്ചുകാട്ടുന്നതായിരുന്നു. ശിഹാബ് വി.എൻ.ബിയാണ് നാടകം ഒരുക്കിയത്. സ്റ്റാൻ സ്വാമിയെ ഓർമിപ്പിക്കുന്നതായിരുന്നു നാടകം.
കൈരളി സലാല ഒരുക്കിയ മീനുകൾ മലകയറുമ്പോൾ എന്ന നാടകം, നാം നേരിടുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു.
മയക്കുമരുന്നിൽ ജീവിതം തകരുന്നതും പിന്നീടതിൽ പുനർ വിചിന്തനം ഉണ്ടാകുന്നതുമായിരുന്നു പുനരുദ്ധാരണത്തിന്റെ ഇതിവൃത്തം.
ഒരു തെയ്യം കലാകാരൻ ദൈവ തുല്യനായി ജീവിക്കാൻ ശ്രമിക്കുന്നതും അവൻ അനുഭവിക്കുന്ന ആധുനികമായ പ്രശ്‌നങ്ങളുമാണ് ഒരു തെയ്യകാലത്തിലൂടെ മനോഹരമായി അവതരിപ്പിച്ചത്.
മയക്കുമരുന്നും മറ്റു സാമൂഹിക പ്രശ്‌നങ്ങളുമായിരുന്നു തന്ത എന്ന നാടകം പറഞ്ഞത്.
സമൂഹത്തിൽ ഭ്രാന്തിനും ഭ്രാന്തില്ലായ്മക്കുമിടയിൽ ജീവിക്കേണ്ടി വരുന്ന ഭ്രാന്തമായ അവസ്ഥയെയാണ് കർക്കിടകം അനാവരണം ചെയ്തത്.
സാധാരണ ഒരു നാടകോത്സവത്തിന് പങ്കെടുക്കന്നതിനപ്പുറം വലിയൊരു ജനാവലി ഇതിന്റെ ആദ്യാവസാനം ഉണ്ടായിരുന്നു. പയ്യന്നൂർ മുരളി, അഭിമന്യു ഷൊർണൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
കൺവീനർ സിനു കൃഷ്ണൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. നിഷ്താർ, എ.പി കരുണൻ, വി.ആർ മനോജ്, ഗോപകുമാർ പി.ജി, അനൂപ് ശങ്കർ, ആഷിഖ് അഹമ്മദ്, അനീഷ് ബി.വി, പ്രിയ അനൂപ് എന്നിവർ നാടകോത്സവത്തിന് നേതൃത്വം നൽകി.