ഇനി പെരുംകളി, ഒമാനിലെ അൽ ആമിറാത്തിൽ മൂന്ന് പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകൾ
ഒമാൻ പുരുഷ ട്വ20 ലോകകപ്പ് ഇഎപി ക്വാളിഫയറിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം
മസ്കത്ത്: ഒമാനിൽ 3 പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകൾ സ്ഥാപിക്കും. ഒക്ടോബർ 8 ന് ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് ഈസ്റ്റ് ഏഷ്യ-പസഫിക് (ഇഎപി) ക്വാളിഫയർ 2025 ന് ആതിഥേയത്വം വഹിക്കാൻ സുൽത്താനേറ്റ് ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം. ക്വാളിഫയറിൽ ആതിഥേയരായ ഒമാൻ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ പങ്കെടുക്കും. 2026 വർഷമാദ്യം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിന് മൂന്ന് ടീമുകൾ യോഗ്യത നേടും. അൽ ആമിറാത്തിലാണ് ഗ്രൗണ്ടുകൾ വരുന്നത്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ സന്ദർശകരാജ്യങ്ങളെ പിടിച്ചുപറ്റുന്നതിനിടെയാണ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഒമാൻ ക്രിക്കറ്റ് അക്കാദമിയും പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ശ്രമം നടത്തുന്നുണ്ട്. പദ്ധതികൾ ഒസി (ഒമാൻ ക്രിക്കറ്റ്) ചെയർമാൻ പങ്കജ് കിംജി വിശദീകരിച്ചു. മൂന്ന് ടി 20 ലോകകപ്പുകളിൽ കളിച്ച ഏഷ്യയിലെ ഏക അസോസിയേറ്റ് രാജ്യമാണ് ഒമാൻ. 2016, 2021, 2024 വർഷങ്ങളിലായിരുന്നു ഒമാൻ ടി20 ലോകകപ്പ് കളിച്ചത്.
''ഞങ്ങളുടെ ലക്ഷ്യം എപ്പോഴും ക്രിക്കറ്റ്, ക്രിക്കറ്റ് എന്നതാണ്'' ഒസി ട്രഷറർ ആൽകേഷ് ജോഷി പറഞ്ഞു. ഏഷ്യാകപ്പിനിടെ ടീം മാനേജറായി സേവനമനുഷ്ഠിച്ച ജോഷി, ഇന്ത്യക്കെതിരായ ടൂർണമെന്റിൽ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അവർക്ക് അത് വലിയ ആത്മവിശ്വാസം നൽകിയെന്നും പറഞ്ഞു. സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിങ് കോച്ച് ശിവ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. ആശിഷ് എന്നിവരുൾപ്പെടെ സപ്പോർട്ട് സ്റ്റാഫിൽ പുതിയ ആളുകൾ വന്നത് ടീമിൻ്റെ മെച്ചപ്പെട്ട ഫിറ്റ്നസിനും ഫീൽഡിങ്ങിനും കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.