Writer - razinabdulazeez
razinab@321
സലാല: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവു പ്രകാരം, ദോഫാർ ഗവർണറേറ്റിലെ റസാത്ത് സുൽത്താനിയ ഫാം സഞ്ചാരികൾക്കായി തുറക്കുന്നതായി പ്രഖ്യാപിച്ച് റോയൽ കോർട്ട് അഫയേഴ്‌സ്. ഉഷ്ണമേഖലാ പാടങ്ങൾ, പഴത്തോട്ടങ്ങൾ, ക്ഷീരോൽപാദന മേഖലകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ ആധുനിക കാർഷിക വിസ്മയം സന്ദർശകർക്ക് പുത്തൻ അനുഭവമായിരിക്കും. അതോടൊപ്പം, ജബൽ അഖ്ദർ പാർക്കും പൊതുജനങ്ങൾക്കായി തുറക്കും. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1.1 ദശലക്ഷം റിയാൽ ചെലവിൽ നിർമിച്ച പാർക്കിൽ കുട്ടികൾക്കുള്ള കളിസ്ഥലം, നടപ്പാതകൾ, കഫേകൾ, കടകൾ, ഗെയിമുകൾ, പ്രാർഥനാ മുറികൾ, ഓപ്പൺ എയർ തിയേറ്റർ എന്നിവ ഉൾപ്പെടുന്നു. പാർക്കിലെ പച്ചപ്പ് നിലനിർത്തുന്നതിനായി 150ലധികം മരങ്ങളും 400ലധികം കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുസ്ഥിരത, സാമ്പത്തിക വൈവിധ്യവൽക്കരണം, സമൂഹ ക്ഷേമം എന്നീ ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ചാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജബൽ അഖ്ദറിന്റെ വാലി ഷെയ്ഖ് സുൽത്താൻ ബിൻ മൻസൂർ അൽ ഗാഫിലി പറഞ്ഞു.